Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ജൂലൈ (H.S.)
മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങൾ മോശമായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പൊലീസ് അനാസ്ഥ കാട്ടിയതായി ആരോപണം. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.
മാസങ്ങൾക്കു മുൻപുതന്നെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും 11 വിദ്യാർഥികൾ പരാതി നൽകിയിട്ടും ഒരു കേസ് മാത്രമാണ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പരാതി ശക്തമായതിനെത്തുടർന്ന് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആദ്യകേസിൽ അറസ്റ്റിലായി ജാമ്യത്തിൽ വിട്ട എബേലിനെ വീണ്ടും അറസ്റ്റു ചെയ്തു. കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ അവരിൽനിന്ന് മൊഴിയെടുത്ത ശേഷം കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിനെത്തുടർന്ന് എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.
മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഇരുപതിൽ കൂടുതൽ ഇരകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴുപേരുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ എബേൽ അഗസ്റ്റിനെ ഇന്നു വീണ്ടും ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ചൂഷണത്തിൻ്റെ കൂടുതൽ വിവരം പുറത്തായത്.
എബേലിൻ്റെ നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും. സുഹൃത്തുക്കൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകൾ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെഎസ് സഹൻഷാ അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടി. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിൻ്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറിലധികം വിദ്യാർഥികൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും പൊലീസ് പറയുന്നു.
ബിഎൻഎസ് പ്രകാരം ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നൽകി വിളിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഈ കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എൻ എച്ച് സാലിഹ് പറഞ്ഞു.
സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ മോശമായാണ് പെരുമാറിയത്. പൊലീസിനു സമ്മർദമുണ്ടായതായി സംശയമുണ്ട്. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയുണ്ടായാൽ ഗുരുതരമായ തെറ്റുകൾ ആവർത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർത്തിയത്. നിരവധി കുട്ടികൾക്ക് പ്രതിയിൽനിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ മാത്രമാണ് ആദ്യം പരാതി നൽകാൻ തയാറായത്. ജൂനിയർ വിദ്യാർഥികൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ പരാതി നൽകും. 11 സീനിയർ വിദ്യാർഥിനികൾ പരാതി നൽകിയിട്ടും പൊലീസ് ഒറ്റ എഫ്ഐആർ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാർ പറയുന്നത്. ഒരാളിൽ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാൻ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാർ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR