സിപിഎം മുൻ നേതാവ് ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഫാമിലെ ഷെഡിന് അജ്ഞാതർ തീയിട്ടു.
Kannur , 23 ജൂലൈ (H.S.) പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിൻ്റെ പേരിൽ പാർട്ടി വിട്ട സിപിഎം മുൻ നേതാവ് ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഫാമിലെ ഷെഡിന് അജ്ഞാതർ തീയിട്ടു. കണ്ടങ്കാളിയിൽ പ്രവർത്തിക്കുന്ന ഫാമിലെ ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ സൂക്ഷി
PAYYANNUR PRAWS FARM SHED ABLAZE


Kannur , 23 ജൂലൈ (H.S.)

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിൻ്റെ പേരിൽ പാർട്ടി വിട്ട സിപിഎം മുൻ നേതാവ് ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഫാമിലെ ഷെഡിന് അജ്ഞാതർ തീയിട്ടു. കണ്ടങ്കാളിയിൽ പ്രവർത്തിക്കുന്ന ഫാമിലെ ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡാണ് പൂർണമായും കത്തിനശിച്ചത്. സംഭവത്തിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനും സിപിഎം പ്രവർത്തകരുമാണെന്ന് പുരുഷോത്തമൻ ആരോപിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് തീപിടിത്തത്തിൽ നശിച്ചത്.

ലക്ഷങ്ങളുടെ നഷ്ടംഇന്നലെ അർധരാത്രിക്ക് ശേഷമാണ് ഷെഡിനകത്ത് ഒരു സംഘം തീയിട്ടതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പുരുഷോത്തമൻ്റെ സഹോദരൻ്റെ മകൻ ചെമ്മീനുകൾക്ക് തീറ്റ നൽകിയ ശേഷം മടങ്ങിയതായിരുന്നു. അപ്പോൾ അവിടെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തീറ്റ നൽകാൻ എത്തിയപ്പോഴാണ് ഷെഡ് തീപിടിച്ച് നശിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയും തീ പൂർണമായും അണഞ്ഞിരുന്നില്ല.

ഷെഡിലുണ്ടായിരുന്ന 10 ചാക്കോളം തീറ്റ, വലകൾ, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 40 ട്രേകൾ, പൈപ്പുകൾ, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ എന്നിവയെല്ലാം കത്തിനശിച്ചു. ഷെഡിൻ്റെ വാതിലുകളും ജനലുകളും പൂർണമായും തകർന്ന നിലയിലാണ്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ പറഞ്ഞു. ഇതിന് പുറമെ ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനായി ഫാമിലെ വെള്ളത്തിൽ എന്തെങ്കിലും ദ്രാവകം കലക്കിയിട്ടുണ്ടോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഈ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നത്.

സിപിഎം ഭീഷണിയെന്ന് ആരോപണംആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് രണ്ട് വർഷത്തോളമായി താൻ ചെമ്മീൻ കൃഷി നടത്തുന്നതെന്നും തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും പുരുഷോത്തമൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നും ഇത് വ്യക്തിപരമായ വിരോധമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ടി ഐ മധുസൂദനൻ തനിക്കെതിരെ സംസാരിക്കുകയും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ ആക്രമിക്കാൻ സിപിഎം പദ്ധതിയിടുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വലിയ പ്രചാരണം നടന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തുടരുന്ന ആക്രമണങ്ങൾ

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും പുരുഷോത്തമൻ്റെ വീടിന് നേരെ സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. അന്ന് രാത്രി ഒരു മണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയും ചെയ്തു. ഈ കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാടുകളെ പുരുഷോത്തമൻ പിന്തുണച്ചിരുന്നു. ഇതിൻ്റെ പേരിലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News