എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
Kozhikode , 23 ജൂലൈ (H.S.) പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൻ്റെ പേര് ദുരുപയോഗം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി
KERALA MLA MINISTER OFFER


Kozhikode , 23 ജൂലൈ (H.S.)

പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൻ്റെ പേര് ദുരുപയോഗം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ നാലംഗ സംഘം യുപി-ഡൽഹി അതിർത്തിയിൽ നിന്ന് പിടികൂടിയത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.

വ്യാജ വാഗ്ദാനം

ഈ മാസം ആറിനാണ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് തട്ടിപ്പുസംഘത്തിൻ്റെ ഫോൺ കോൾ വന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫിസിലെ രാജ്കുമാർ എന്ന് പരിചയപ്പെടുത്തിയായിരുന്നു കോൾ. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാം എന്നുമായിരുന്നു വാഗ്ദാനം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇയാൾ സംസാരിച്ചത്. എന്നാൽ, ഫോൺ കോൾ തട്ടിപ്പുകാരുടേതാണെന്ന് ഉറപ്പുവരുത്തിയ എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർ എ പി ഷൗക്കത്തലിക്ക് പരാതി നൽകുകയായിരുന്നു.

അന്വേഷണവും അറസ്റ്റും

കമ്മിഷണറുടെ നിർദേശപ്രകാരം ഡൽഹിയിലെത്തി അന്വേഷണം ആരംഭിച്ച സൈബർ പൊലീസിൻ്റെ പ്രത്യേക സംഘം ആദ്യം സിം ഉടമയെ കണ്ടെത്തി. സിം കാർഡ് തൻ്റേതാണെന്ന് സമ്മതിച്ച ഇയാൾ, തൻ്റെ ഫോൺ മോഷണം പോയതായി മൊഴി നൽകി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളായ നിതിൻ കുമാറിനെയും ഗൗരവിനെയും യുപി-ഡൽഹി അതിർത്തിയിൽ വച്ച് പൊലീസ് പിടികൂടിയത്. ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റൻ്റ് കമ്മിഷണർ എസ് എം പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല. ഡൽഹി കേന്ദ്രീകരിച്ചുള്ള നമ്പറുകളിൽ നിന്നാണ് ഈ വാട്സാപ്പ് കോളുകൾ വന്നിട്ടുള്ളതെന്ന് സൈബർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

മറ്റ് നേതാക്കൾക്കും കോൾഎംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും ഇതേ തട്ടിപ്പുകാരുടെ ഫോൺ കോൾ ലഭിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും ഇടുക്കി ജില്ലയിൽ നിന്ന് ഒരാൾക്ക് സാധ്യതയുണ്ടെന്നും പറഞ്ഞായിരുന്നു ഡീൻ കുര്യാക്കോസിന് കോൾ വന്നത്. ജില്ലയിലെ എല്ലാ സീറ്റുകളും വിജയിപ്പിച്ച വ്യക്തിയെന്ന നിലയിൽ തനിക്ക് സാധ്യതയുണ്ടെന്നും ഇംഗ്ലീഷിൽ സംസാരിച്ചയാൾ പറഞ്ഞു. അപ്പോൾ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ താൻ വിവരം അറിയിച്ചുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഓഫിസ് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രിയുമായി അവർ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ എഐസിസി നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ ഓഫിസും അന്വേഷണം നടത്തുകയും ഇത് വ്യാജ കോളുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹി പൊലീസിലും കേരള ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയതും പ്രതികളെ വലയിലാക്കിയതും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News