Enter your Email Address to subscribe to our newsletters

Kollam , 23 ജൂലൈ (H.S.)
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിനെയും പൊലീസ് ക്ലബ്ബിൽ എത്തിച്ചിട്ടുണ്ട്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്ത് വരികയാണ്. അൽപസമയത്തിനകം അജികുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
ഇരുവരെയും ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണം സംഘം (എസ്ഐടി) തലവൻ എസ്പി ശശിധരനും പൊലീസ് ക്ലബ്ബിൽ എത്തിയിട്ടുണ്ട്. ഇവരെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് (ജൂലൈ 23) രാവിലെ കരകുളത്തെ വീട്ടിൽ നിന്നുമാണ് പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തത്.
നിലവിൽ പുറത്തുവന്ന അന്വേഷണ വിവരങ്ങൾ പ്രകാരം ശബരിമല സ്വർണക്കൊള്ള, സ്വർണം പൂശൽ ക്രമക്കേട് കേസുകളിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തിട്ടുണ്ട്.
2025-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയിൽ അദ്ദേഹത്തിൻ്റെയും അന്നത്തെ ഭരണസമിതിയുടെയും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ ആരോപണം. ഹൈക്കോടതിയുടെ നടപടിക്രമങ്ങളും ദേവസ്വം ചട്ടങ്ങളും പാലിക്കാതെയാണ് ശിൽപങ്ങൾ പുറത്തേക്ക് കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
ദേവസ്വം ബോർഡ് അംഗമായിരുന്ന എ അജികുമാർ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു, രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നവരാണ് കേസിൽ പങ്കുള്ള മറ്റുള്ളവർ.
പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ എസ്ഐടി ആരോപിക്കുന്നുണ്ട്.
2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ 2025-ലെ സ്വർണം പൂശൽ നടപടികൾ ഉപയോഗിച്ചെന്ന സംശയവും എസ്ഐടി റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. ഇന്ന് രാവിലെ അന്വേഷണത്തിൻ്റെ ഭാഗമായി പി എസ് പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം പി എസ് പ്രശാന്ത് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. കോടതിയെ മുൻകൂട്ടി അറിയിക്കാതിരുന്നതാണ് നടപടിക്രമത്തിലെ ഏക പിഴവെന്നും സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും തന്നെ പ്രതിചേർത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാവുമെന്ന് ഇന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുന്നവർക്കും അതിൽ ആനന്ദം കണ്ടെത്തുന്നവർക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസിലാകണമെങ്കിൽ അത് സ്വന്തം ജീവിതത്തിൽ വന്ന് ചേരണം. അങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടേ എന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR