Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 ജൂലൈ (H.S.)
സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്ക്ക് മുൻഗണന നൽകി കെഎസ്ആർടിസി നടപ്പിലാക്കുന്ന 'പിങ്ക് ബസ്- ലേഡീസ് ഒൺലി' സർവീസിന് തുടക്കമായി. യുഡിഎഫ് സർക്കാരിൻ്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി സി പി ജോൺ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
നിലവിൽ രാത്രി കാലങ്ങളിൽ സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ കുറവായതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകും. രാത്രി ഒൻപത് മണിക്ക് ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സർവീസ് നടത്തുക.
ഐടി മേഖലയിൽ രാത്രി പത്ത് മണിക്കും രാവിലെ അഞ്ച് മണിക്കും ഇടയിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവർ, ആശുപത്രി ജീവനക്കാർ, രാത്രി സിനിമ കഴിഞ്ഞ് പോകുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടും.
ടെക്നോപാർക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പ്രത്യേക സർവീസുകൾ ലഭ്യമാക്കും. വരും ദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യകത ശാസ്ത്രീയമായി വിലയിരുത്തി മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രാത്രിയിൽ മാത്രമല്ല, പകൽ സമയങ്ങളിലും പിങ്ക് ബസിൻ്റെ സേവനം ലഭ്യമാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തുടർച്ചയായാണ് കെഎസ്ആർടിസി ഇപ്പോൾ പിങ്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് ബസ് ഓടുക. കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന ഇടങ്ങൾ വഴിയാണ് ബസ് സർവീസ് നടത്തുക.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ പുതുതായി എത്തിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസുകൾക്കായി ഉപയോഗിക്കുന്നത്. ഭാവിയിൽ സമയകൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനും, ഇലക്ട്രിക് ബസുകൾ പദ്ധതിയുടെ ഭാഗമാക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
ചടങ്ങിൽ കൗൺസിലർ ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കർ സ്വാഗതം പറഞ്ഞു. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR