സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
Kozhikode , 23 ജൂലൈ (H.S.) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസ രംഗത്തും സംഘടന
Prof. K. Alikkutty Musliyar


Kozhikode , 23 ജൂലൈ (H.S.)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ഒരുപോലെ തിളങ്ങിയ പ്രമുഖ പണ്ഡിതനായിരുന്നു അദ്ദേഹം.

2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് അദ്ദേഹം സമസ്ത ജനറൽ സെക്രട്ടറിയാകുന്നത്. 2003 മുതൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രിൻസിപ്പലായും 2013 മുതൽ കാസർകോട് ജില്ലാ ഖാസിയായും പ്രവർത്തിച്ചുവരികയായിരുന്നു. കൂടാതെ സുപ്രഭാതം ദിനപത്രത്തിന്റെ വൈസ് ചെയർമാൻ, അൽ മുഅല്ലിം, സുന്നി അഫ്കാർ എന്നിവയുടെ ചീഫ് എഡിറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു.

1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. പ്രാഥമിക പഠനത്തിനും വിവിധ ദർസ് പഠനങ്ങൾക്കും ശേഷം 1968-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടി. 1979-ൽ ജാമിഅ നൂരിയ്യയിൽ അധ്യാപകനായി പ്രവേശിച്ച അദ്ദേഹം 2003-ൽ അവിടെ പ്രിൻസിപ്പലായി ചുമതലയേറ്റു. 16-ാം വയസിൽ മഹല്ല് ഖത്തീബായും 20-ാം വയസിൽ ഖാസിയായും തെരഞ്ഞെടുക്കപ്പെട്ട് ചെറുപ്പത്തിൽ തന്നെ നേതൃപാടവം തെളിയിച്ചു.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ (2003-2006), കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ (2006-2009) എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. മന്ത്രിയല്ലാത്ത ഒരാൾ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനാകുന്നത് ഇതാദ്യമായിരുന്നു. മുസ്ലിം വേൾഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമായിരുന്ന അദ്ദേഹം ഈജിപ്ത്, ലിബിയ, മൊറോക്കോ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വൈജ്ഞാനിക മികവ് കൊണ്ടും സംഘടനാ പാടവം കൊണ്ടും വേറിട്ടുനിന്ന പണ്ഡിതശ്രേഷ്ഠനാണ് വിടവാങ്ങിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News