Enter your Email Address to subscribe to our newsletters

Thiruvanthapuram , 23 ജൂലൈ (H.S.)
ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. കണ്ഠര് രാജീവരുടെ മകനായ ബ്രഹ്മദത്തന് താന്ത്രികമികവ് ഉണ്ടോയെന്ന് പരിശോധിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. സമിതിയുടെ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രിയായ കണ്ഠര് രാജീവര് സ്ഥാനമൊഴിയുകയും തനിക്കു പകരം മകനെ തന്ത്രിയാക്കാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ബോർഡിന്റെ പുതിയ നടപടി. ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സമിതിയെ നിയോഗിച്ച് ഹൈക്കോടതിയെ വിവരം അറിയിക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. 26ന് ബോര്ഡ് വിഷയത്തില് അന്തിമ തീരുമാനമെടുക്കും. അടുത്ത 27ന് ഹൈക്കോടതി ഈ വിഷയം പരിഗണിക്കുമ്പോള് ബോര്ഡ് തീരുമാനം അറിയിക്കുമെന്നും ജയകുമാര്.
വിഷയത്തിൽ തർക്കങ്ങളോ വിവാദങ്ങളോ ഒഴിവാക്കാൻ ബോർഡ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കാനാണ് തന്ത്രിമാരെ തന്നെ ചുമതലപ്പെടുത്തിയതെന്നും ജയകുമാര്.
ഇതോടൊപ്പം, 2018 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്ന ചാർത്തിൽ നിർദേശിച്ച പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളും നടത്താനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. വാസ്തുശാസ്ത്രപ്രകാരം ശബരിമലയിലെ തീർഥക്കുളത്തിന്റെ ദിശ തെറ്റാണെന്ന് മുൻ ദേവപ്രശ്നത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ചാർത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, അതിൽ വ്യക്തമാക്കിയിട്ടുള്ള നാൽപ്പതോളം പ്രായശ്ചിത്ത പൂജകളും പരിഹാരക്രിയകളും പൂർണ്ണമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പരിഹാരക്രിയകൾ നടപ്പിലാക്കുന്നതിനായുള്ള ചുമതല ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ശാന്തകുമാറിന് കൈമാറുകയും ഇതിനായി അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനരര്, പ്രശസ്ത ജ്യോത്സ്യൻ കളിദാസ ഭട്ടതിരി എന്നിവരുമായി ചർച്ച ചെയ്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. കുമാരനല്ലൂർ, അമ്പലപ്പുഴ, ആലങ്കോട് ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും നടത്തേണ്ട പ്രായശ്ചിത്ത ക്രിയകളെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച് അവ കൃത്യമായി പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ടുള്ള കണ്ഠര് രാജീവരുടെ ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ നിലപാട് കൈക്കൊണ്ടിരുന്നു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയത്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്റ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചെങ്കിലും അന്തിമ തീരുമാനം ആലോചിച്ച് കൈക്കൊണ്ടാൽ മതിയെന്നാണ് ബോർഡ് തീരുമാനിച്ചിരുന്നത്.
നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ മകനെ തന്ത്രിയാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. രാജീവരുടെ പേരിൽ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യത്തിൽ ബോർഡ് നേരിട്ട് തീരുമാനമെടുക്കാൻ മടിക്കുന്നത്.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിലടക്കം പ്രതിയായി നിൽക്കുന്ന വ്യക്തി നൽകുന്ന കത്തിൽ ബോർഡ് സ്വയം തീരുമാനമെടുക്കുന്നത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന അഭിപ്രായം ബോർഡിലുണ്ട്. ഈ സാഹചര്യത്തിൽ, വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാനും ബോർഡ് തീരുമാനിക്കുകയായിരുന്നു. വിഷയം സ്പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കാനാണ് ഇപ്പോൾ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR