ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു
Thiruvananthapuram, 23 ജൂലൈ (H.S.) ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരകുളത്തിന് സമീപമുള്ള വസതിയിൽനിന്ന് ഇന്ന്
P S Prashanth


Thiruvananthapuram, 23 ജൂലൈ (H.S.)

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കരകുളത്തിന് സമീപമുള്ള വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശബരിമല സ്വർണക്കൊള്ള കേസിൽ നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ദേവസ്വം ബോർഡിലെ അവസാന പ്രസിഡൻ്റായിരുന്നു പ്രശാന്ത്. കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റി. കേസിൽ ഏതുനിമിഷവും തൻ്റെ അറസ്റ്റ് ഉണ്ടാകുമെന്ന് കാണിച്ച് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദമാണ് അറസ്റ്റിന് പിന്നിലെന്നും കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന കേസുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണം പൂശാനെന്ന പേരിലെ തട്ടിപ്പ്

2025ൽ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് കേസ്. അന്ന് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരടങ്ങിയ ബോർഡാണ് ഇതിന് അനുമതി നൽകിയത്. എന്നാൽ, 2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025ൽ ശിൽപങ്ങൾ കൊണ്ടുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും ചേർന്നാണ് ക്രിമിനൽ ഗൂഢാലോചന നടത്തിയത്. 2023 ഡിസംബർ 13ന് പ്രശാന്ത് ചുമതലയേറ്റ ശേഷം ഉണ്ണികൃഷ്ണൻ പോറ്റി അദ്ദേഹത്തിൻ്റെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് തട്ടിപ്പിന് കളമൊരുക്കുകയുമായിരുന്നു.

ഹൈക്കോടതിയിലെ റിപ്പോർട്ടും നിർണായക നീക്കവും

2019ലെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ആഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. 40 വർഷത്തെ സ്വർണം പൂശൽ വാറൻ്റി നിലനിൽക്കെയാണ് വീണ്ടും സ്വർണം പൂശാൻ അനുമതി നൽകിയത്. ഇതിൽ പ്രശാന്തിന് ബോധപൂർവമായ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 2025ലെ സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാതെ 2019ലെ കേസിനൊപ്പം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നിർണായക നീക്കം.

പ്രശാന്തിന് പുറമെ അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന എ. അജികുമാർ, തിരുവാഭരണം കമ്മിഷണർ രജിലാൽ എന്നിവരെയും കേസിൽ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, തന്ത്രി കണ്ഠര് രാജീവർ, എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, തിരുവാഭരണം കമ്മിഷണർ രജിതാൽ എന്നിവർക്കെതിരെയും കേസ് വരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

ശിൽപങ്ങൾ മാറ്റിയതിൽ വീഴ്ചയില്ലകഴിഞ്ഞ വർഷം ദ്വാരപാലക ശിൽപങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് യാതൊരു നഷ്ടമോ നടപടിക്രമങ്ങളിൽ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പ്രശാന്ത് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ ശിൽപങ്ങൾ മാറ്റിയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ നേതൃത്വത്തിലുള്ള ബോർഡ് ചുമതല ഏൽക്കുന്നതിന് ആറുമാസം മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറിൽനിന്ന് വാതിലിൻ്റെയും കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപങ്ങളുടെയും ന്യൂനതകൾ പരിഹരിക്കാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഈ വിവരങ്ങൾ പുതിയ ബോർഡ് അറിഞ്ഞിരുന്നില്ല.

ബോർഡ് അധികാരത്തിൽ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ദ്വാരപാലക ശിൽപങ്ങൾ കാരണമുണ്ടാകുന്ന അശുദ്ധി മാറ്റാൻ ശ്രമിച്ചതെന്ന് പ്രശാന്ത് പറയുന്നു. 2023 നവംബറിൽ ചുമതലയേറ്റ് സന്നിധാനത്ത് എത്തുമ്പോൾ ജീവനക്കാർ നിരന്തരം പരാതികൾ ഉന്നയിച്ചിരുന്നു. നെയ്യഭിഷേകം കഴിഞ്ഞ് ശ്രീകോവിലിന് മുൻവശം കഴുകി വൃത്തിയാക്കുമ്പോൾ ദ്വാരപാലക ശിൽപങ്ങളുടെ പാദങ്ങളിലുണ്ടായ പൊട്ടലുകൾ കാരണം തകിടുകളിൽ തട്ടി കൈ മുറിഞ്ഞ് രക്തം വീഴുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് നിരന്തരം അശുദ്ധിക്ക് കാരണമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2024 മാർച്ചിൽ നിയമപരമായ നടപടികൾ ആരംഭിക്കാൻ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് ബോർഡ് നിർദേശം നൽകിയത്. സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി ചെയ്ത കാര്യത്തിൽ പശ്ചാത്താപമില്ലെന്നും സത്യം ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. മുൻ സർക്കാരിൻ്റെ കാലത്ത് നടന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ നിർണായക നീക്കമുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിലെ കൂടുതൽ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. കേസിൻ്റെ നാൾവഴികളും തങ്ങൾ സ്വീകരിച്ച നടപടിക്രമങ്ങളുടെ സുതാര്യതയും ഭക്തജനങ്ങളെ അറിയിക്കാനാണ് ഫേസ്ബുക്കിലൂടെ ശ്രമിക്കുന്നതെന്നും പ്രശാന്ത് വിശദീകരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News