Enter your Email Address to subscribe to our newsletters

Ernakulam , 23 ജൂലൈ (H.S.)
രാജ്യത്തുടനീളം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കെ, ശ്രദ്ധേയമായ പരസ്യ പ്രചാരണവുമായി കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ). പരീക്ഷാ ചോർച്ചയെ ട്രോളിക്കൊണ്ട് സപ്ലൈക്കോ പങ്കുവെച്ച പോസ്റ്റർ വൻതോതിൽ ചർച്ചയായേക്കും.
നിലവാരത്തിൽ നീറ്റ്, ലീക്കില്ലാത്ത പാക്ക് എന്ന വേറിട്ട ആപ്തവാക്യത്തോടെയാണ് സപ്ലൈക്കോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. കേന്ദ്ര സർക്കാരിനും പരീക്ഷാ ഏജൻസിക്കുമെതിരെ രാജ്യതലസ്ഥാനത്തടക്കം വിദ്യാർഥികളും യുവജന സംഘടനകളും ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്ന സമയത്താണ് ഈ രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ ഇടപെടൽ.
ഒമ്പത് ഉൽപ്പന്നങ്ങളുമായി സപ്ലൈക്കോ
തങ്ങളുടെ ജനപ്രിയവും ഗുണനിലവാരമുള്ളതുമായ ഒമ്പത് ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്താനാണ് സപ്ലൈക്കോ ഈ അവസരം ഉപയോഗപ്പെടുത്തിയിരിക്കുന്നത്: ചായപ്പൊടികളിലെ ശബരി ബ്രാൻഡ് ഗോൾഡ് പ്രീമിയം, സൂപ്പർ ഫൈൻ ഡസ്റ്റ് ടി, ഹോട്ടൽ ബ്ലെൻഡ് ടീ, മറ്റു ഉൽപ്പന്നങ്ങളായ മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, ഉപ്പ്, വെളിച്ചെണ്ണ, അപ്പം/ഇടിയപ്പം പൊടി, പായസം മിക്സ് എന്നിവയിലെ പാക്കിങ്ങിലെ കൃത്യതയും ഗുണനിലവാരവും ഉറപ്പുനൽകുന്നതിനൊപ്പം, സമകാലിക വിഷയങ്ങളോട് സർഗാത്മകമായി സംവദിക്കാനും സപ്ലൈക്കോയ്ക്ക് ഇതിലൂടെ സാധിക്കുന്നു.
പ്രതിഷേധക്കാർക്ക് പിന്തുണ, ഒപ്പം വേറിട്ട മാർക്കറ്റിങ്
യുവാക്കളും വിദ്യാർഥികളും സജീവമായി ഏറ്റെടുത്ത ഒരു സമരത്തെ കൃത്യമായ പ്രചാരണായുധമാക്കുകയാണ് സപ്ലൈക്കോ ചെയ്തിരിക്കുന്നത്. ഇതൊരർത്ഥത്തിൽ പരീക്ഷാ ചോർച്ചയ്ക്കെതിരെ സമരം ചെയ്യുന്നവർക്കുള്ള പിന്തുണ കൂടിയായി വിലയിരുത്തപ്പെടുന്നു.
സമൂഹത്തിൽ തരംഗമാകുന്ന ട്രെൻഡുകളെയും ചർച്ചാവിഷയങ്ങളെയും തങ്ങളുടെ ബ്രാൻഡിങിനായി ഉപയോഗിക്കുന്നതിൽ സപ്ലൈക്കോ മുൻപന്തിയിലാണ്.
നേരത്തെ ഫിഫ വേൾഡ് കപ്പ് ആവേശത്തിലാറാടിയ വേളയിലും ഉപഭോക്താക്കൾക്ക് പ്രത്യേക ഇളവുകൾ നൽകി സപ്ലൈക്കോ ജനശ്രദ്ധ നേടിയിരുന്നു. ഉൽപ്പന്നങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഓരോ ഘട്ടത്തിലും ഏറ്റവും ആകർഷകവും കാലികവുമായ രീതികളാണ് സ്ഥാപനം സ്വീകരിച്ചുപോരുന്നത്. എന്നാൽ, സാധാരണ ട്രോളുകളിൽ നിന്ന് വ്യത്യസ്തമായി, രാജ്യ ശ്രദ്ധയാകർഷിച്ച ഒരു വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ആക്ഷേപഹാസ്യം കലർത്തി തയ്യാറാക്കിയ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള് വലിയ രീതിയിൽ ചർച്ചകൾക്ക് ഇടയാക്കുമെന്നതിൽ സംശയമില്ല.
സിജെപിയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി യുവജനങ്ങളാണ് ഒഴുകിയെത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിൽ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യം മകർ ദ്വാറിൽ പ്രതിഷേധം കടുപ്പിച്ചതോടെ ഭരണപക്ഷമായ എൻഡിഎയുടെ എംപിമാരും പ്രതിരോധവുമായി രംഗത്തിറങ്ങി. ഇതോടെ പാർലമെൻ്റ് വളപ്പിനുള്ളിൽ ഇരുവിഭാഗവും നേർക്കുനേർ നിൽക്കുന്ന അസാധാരണ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR