തോട്ടം മേഖലയിൽ വീണ്ടും ഭീതി പടര്ത്തി കാട്ടുകൊമ്പൻ 'പടയപ്പ'യുടെ പടയോട്ടം
Idukki , 23 ജൂലൈ (H.S.) തോട്ടം മേഖലയിൽ വീണ്ടും ഭീതി പടര്ത്തി കാട്ടുകൊമ്പൻ ''പടയപ്പ''യുടെ പടയോട്ടം. കഴിഞ്ഞ ഒരു മാസമായി സൈലന്റ് വാലി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്ന പടയപ്പ, തോട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉറക്കം കെടുത്തു
PADAYYAPPA ATTACK IDUKKI


Idukki , 23 ജൂലൈ (H.S.)

തോട്ടം മേഖലയിൽ വീണ്ടും ഭീതി പടര്ത്തി കാട്ടുകൊമ്പൻ 'പടയപ്പ'യുടെ പടയോട്ടം. കഴിഞ്ഞ ഒരു മാസമായി സൈലന്റ് വാലി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്ന പടയപ്പ, തോട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉറക്കം കെടുത്തുകയാണ്. കൃഷിയിടങ്ങൾ വ്യാപകമായി തകർക്കുന്നതിനൊപ്പം എസ്റ്റേറ്റ് ലയങ്ങൾക്ക് തൊട്ടടുത്ത് ആന നിരന്തരം എത്തുന്നത് ജനങ്ങളെ കടുത്ത പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

ലയങ്ങൾക്ക് സമീപം സ്ഥിര സാന്നിധ്യം

സൈലന്റ് വാലി എസ്റ്റേറ്റിലെ ഒന്നും രണ്ടും ഡിവിഷനുകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പ പതിവായി ഇറങ്ങുന്നത്. എസ്റ്റേറ്റ് റോഡുകളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്തും കാട്ടാന തമ്പടിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. തൊഴിലാളികളുടെ പച്ചക്കറി കൃഷികളും മറ്റ് വിളകളും പടയപ്പ വ്യാപകമായി നശിപ്പിക്കുകയാണ്. രാത്രികാലങ്ങളിൽ ലയങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം ഭയപ്പാടിലാണ് പ്രദേശവാസികൾ കഴിയുന്നത്.

'സന്ധ്യ മയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പേടിയാണ്. എപ്പോഴാണ് പടയപ്പ ലയങ്ങൾക്ക് മുന്നിൽ എത്തുന്നതെന്ന് പറയാൻ കഴിയില്ല. രാത്രിയിലെ ഭീതി ഒരുവശത്ത്, പകൽ ജോലിക്കിറങ്ങുമ്പോഴുള്ള പേടി മറുവശത്ത്' സൈലന്റ് വാലിയിലെ തോട്ടം തൊഴിലാളികള് പറയുന്നു.

പണിയെടുക്കാൻ ഭയംപകൽ സമയങ്ങളിലും പടയപ്പയുടെ സാന്നിധ്യം എസ്റ്റേറ്റ് മേഖലയിൽ തുടരുന്നത് തോട്ടം തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചിട്ടുണ്ട്. കാട്ടാനഭീതി കാരണം തോട്ടങ്ങളിൽ ഇറങ്ങി ജോലി ചെയ്യാൻ തൊഴിലാളികൾ മടിക്കുകയാണ്. ഇത് ഇവരുടെ ജീവനോപാധിയെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പ്രഹസനമാകരുത് നിരീക്ഷണംസംഭവം വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ വെറും നിരീക്ഷണം കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ജനവാസ മേഖലയിൽ നിന്നും ലയങ്ങൾക്ക് സമീപത്ത് നിന്നും പടയപ്പയെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നാണ് എസ്റ്റേറ്റ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഒന്നടങ്കമുള്ള ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് തോട്ടം മേഖലയിലെ നിവാസികളുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News