Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂലൈ (H.S.)
തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന 'തൂഫാന്‍ കെയര്‍' ചികിത്സാ-പുനരധിവാസ പദ്ധതിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി IMA പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. സംഘത്തില്‍ IMA മെന്റല്‍ ഹെല്‍ത്ത് കമ്മിറ്റി, IMA Prevention of Substance Abuse കമ്മിറ്റി, സൈക്യാട്രി അസോസിയേഷന്‍, പീഡിയാട്രിക് അസോസിയേഷന്‍ തുടങ്ങിയവയിലെ സംസ്ഥാന നേതാക്കളും ഉണ്ടായിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തെ ഒരു നിയമ-ക്രമസമാധാന പ്രശ്‌നമായി മാത്രം കാണാതെ, ചികിത്സയും പുനരധിവാസവും ആവശ്യമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കൂടി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം സംഘം ചൂണ്ടിക്കാട്ടി.
'തൂഫാന്‍ കെയര്‍' പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കലില്‍ IMAയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന് ബഹുമാനപ്പെട്ട മന്ത്രി അഭിപ്രായപ്പെടുകയും പോലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവരുമായി ജില്ലാതല ഏകോപനത്തിനായി IMAയോട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിനകം സംഘടന വിശദമായ ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും.
'തൂഫാന്‍ കെയര്‍' പദ്ധതിയില്‍ IMA നല്‍കുന്ന പിന്തുണ:
* സ്‌കൂളുകള്‍, കോളേജുകള്‍, എന്‍.ജി.ഒ.കള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
* മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും IMAയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സിലിംഗും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ സംവിധാനം രൂപീകരിക്കുക.
* ഓരോ ജില്ലയിലുമുള്ള ഡി-അഡിക്ഷന്‍, ചികിത്സ, പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്യുകയും, ആവശ്യമായ ചികിത്സയ്ക്കും പുനരധിവാസത്തിനും അനുയോജ്യമായ കേന്ദ്രങ്ങളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുക.
* പോലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ എന്നിവ തമ്മിലുള്ള ജില്ലാതല ഏകോപനം ശക്തിപ്പെടുത്തുക.
* മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി സ്‌ക്രീനിംഗ്, ചികിത്സ, കൗണ്‍സിലിംഗ്, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ചികിത്സാ സംവിധാനം ഒരുക്കുന്നതിന് സഹായിക്കുക.
* മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താതെ, ആവശ്യമായ ചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കി സമൂഹത്തിന്റെ ഭാഗമാക്കി തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.
'തൂഫാന്‍ കെയര്‍' പദ്ധതിയുടെ വിജയകരമായ നടപ്പാക്കലിന് സര്‍ക്കാര്‍ സംവിധാനങ്ങ ളോടൊപ്പം ഡോക്ടര്‍മാര്‍, മാനസികാരോഗ്യ വിദഗ്ദ്ധര്‍, കുടുംബങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് IMA വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗത്തെ ഒരു ശിക്ഷാ വിഷയമായി മാത്രം കാണാതെ, ആവശ്യമായിടത്ത് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന മനുഷ്യകേന്ദ്രിതവും ശാസ്ത്രീയവുമായ സമീപനമാണ് 'തൂഫാന്‍ കെയര്‍' പദ്ധതിയില്‍ ആവശ്യമെന്ന് IMA അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് വിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് IMAയുടെ എല്ലാവിധ വൈദ്യശാസ്ത്രപരവും സാങ്കേതികവുമായ പിന്തുണയും സഹകരണവും തുടര്‍ന്നും ഉറപ്പാക്കുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്‍, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S