Enter your Email Address to subscribe to our newsletters

Thalassery, 23 ജൂലൈ (H.S.)
ലശ്ശേരി: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ (20) മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ സംഭവിച്ച നിയമപരമായ വീഴ്ചകളിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ നോട്ടീസ്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനാണ് കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീം കോടതി വ്യക്തമായി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്, സംഭവം നടന്ന് 100-ലധികം ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയായ എം.കെ. റാമിനെ കർണാടകയിലെ കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിക്കുകയായിരുന്നു.
നിയമപരമായ വീഴ്ചയും കോടതിയുടെ നടപടിയും
ഭരണഘടനയുടെ ആർട്ടിക്കിൾ 22 പ്രകാരവും സുപ്രീം കോടതിയുടെ മാർഗ്ഗനിർദേശങ്ങൾ പ്രകാരവും അറസ്റ്റിലാകുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണം (Grounds of Arrest) അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഡോ. എം.കെ. റാമിന്റെ അറസ്റ്റ് വേളയിൽ ഈ പ്രാഥമിക നിയമനടപടി പാലിക്കപ്പെട്ടിരുന്നില്ല എന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. വാദം അംഗീകരിച്ച തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി, പ്രതിയുടെ അറസ്റ്റ് നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച് ഇയാളെ റിമാൻഡ് ചെയ്യാതെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
വിട്ടയച്ച ഉത്തരവിന് പിന്നാലെ കോടതി വളപ്പിൽ വെച്ച് തന്നെ എം.കെ. റാമിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വലിയ നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചിരുന്നു. പോലീസിന്റെ ഈ നടപടിയിൽ ഹൈക്കോടതിയും കടുത്ത അമർഷം രേഖപ്പെടുത്തുകയുണ്ടായി. ഉന്നത സ്വീധീനമുള്ള പ്രതിയെ രക്ഷിക്കാൻ പോലീസിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവം വരുത്തിയ വീഴ്ചയാണോ ഇതെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിക്കുകയും, അന്വേഷണ ഉദ്യോഗസ്ഥരോട് രേഖകൾ സഹിതം നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.
കേസിന്റെ പശ്ചാത്തലം
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജിനെ ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിതിൻ രാജിനെ കോളേജിലെ അധ്യാപകർ ജാതിപരമായി അധിക്ഷേപിക്കുകയും ക്രൂരമായ മാനസിക പീഡനത്തിനിരയാക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവിയായ ഡോ. എം.കെ. റാം ആണ് കേസിലെ ഒന്നാം പ്രതി. വീഴ്ചകളെ തുടർന്ന് കേസിന്റെ അന്വേഷണം പുതിയ അന്വേഷണ സംഘത്തിന് കൈമാറാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്
---------------
Hindusthan Samachar / Roshith K