Enter your Email Address to subscribe to our newsletters

Ernakulam , 24 ജൂലൈ (H.S.)
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും വീണ്ടും മറനീക്കി പുറത്തുവരുന്നു. സംഘടനയുടെ പ്രസിഡന്റും പ്രമുഖ നടിയുമായ ശ്വേതാ മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. സംഘടനയിലെ വനിതാ അംഗങ്ങൾ മാത്രമുള്ള 'അമ്മ പെൺമക്കൾ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായ തർക്കങ്ങൾ നടന്നത്.
ശ്വേതാ മേനോൻ സ്ഥാനത്ത് തുടരണമോ അതോ നിലവിലെ സാഹചര്യത്തിൽ പുതിയ തെരഞ്ഞെടുപ്പ് വേണമോ എന്നതായിരുന്നു വാട്സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന ചർച്ചാവിഷയം. ചർച്ചകൾക്കിടയിൽ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നതായാണ് വിവരം. ഇതിന് പിന്നാലെ ഗ്രൂപ്പിൽ നടന്ന സംഭാഷണങ്ങളുടെ വാട്സ് ആപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും പുറത്തായത് സംഘടനയിലെ അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നതാണ്.
സംഘടനയുടെ പ്രസിഡന്റായി ശ്വേത തുടരുന്നതിനെ ഒരു വിഭാഗം അംഗങ്ങൾ കടുത്ത ഭാഷയിലാണ് എതിർത്തത്. നിലവിലെ ഭരണസമിതിയുടെ തീരുമാനങ്ങളിലും പ്രവർത്തന രീതികളിലും വിയോജിപ്പുള്ളവരാണ് തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. എന്നാൽ ശ്വേത സംഘടനയ്ക്ക് നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം നടിമാർ അവരെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.
വിവാദങ്ങൾ രൂക്ഷമായതിനെ തുടർന്ന് ശ്വേതാ മേനോനെ നേരത്തെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു എന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഗ്രൂപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും ചിലർ ബോധപൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നാണ് ശ്വേതയെ അനുകൂലിക്കുന്നവരുടെ പക്ഷം.
അതേസമയം കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ശ്വേത ഉൾപ്പടെയുള്ള ഭാരവാഹികൾക്കെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതിനെതിരെയും വിമർശനമുയർന്നിരുന്നു. ഇതേ തുടർന്ന് നിലവിലെ ഭരണ സമിതി ഒന്നടങ്കം രാജി വയ്ക്കുന്നതായി ശ്വേത മേനോൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് താത്ക്കാലിക സംവിധാനമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിക്കുകയും താൻ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് എന്നും അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ശ്വേത വീണ്ടും പ്രസിഡന്റായി തുടരുന്നതിനിടെയാണ് വനിതാ അംഗങ്ങൾ ശ്വേതയ്ക്കെതിരെ രംഗത്ത് വന്നത്. രാജി പ്രഖ്യാപിച്ച് സ്വയം ഇറങ്ങി പോയവർ ഇനി അമ്മയെ നയിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം താരങ്ങളുടെ അഭിപ്രായം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR