Enter your Email Address to subscribe to our newsletters

Ernakulam , 24 ജൂലൈ (H.S.)
മുട്ടിൽ മരമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഗിരീഷിൻ്റെ ബെഞ്ച് തള്ളിക്കളഞ്ഞത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും വിചാരണ നേരിടാൻ മതിയായ കാരണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ ആദ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിച്ചിരുന്നത്. എന്നാൽ 2026 ഫെബ്രുവരി 27ന് മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിരാകരിച്ചു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. മരങ്ങൾ കൊണ്ടുപോകാൻ ഫോം ത്രീ പാസ് ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
വ്യാജ പാസ് കാണിച്ച് തട്ടിപ്പ്
വയനാട്ടിലെ മുട്ടിലിൽ നിന്ന് മുറിച്ചുകടത്തിയ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലബാർ ടിംബേഴ്സ് എന്ന സ്വകാര്യ മരക്കമ്പനിക്ക് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പിൻ്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം വിൽക്കാൻ ശ്രമിച്ചത്. എന്നാൽ പിന്നീട് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇതിന് പാസില്ലെന്ന് കണ്ടെത്തുകയും മരം പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി ഉടമകൾ അമ്പലമേട് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മുട്ടിൽ മരമുറി വിവാദംസംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക കൊള്ളകളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന മരമുറി. കർഷകർക്ക് പട്ടയം നൽകിയ ഭൂമിയിൽ നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടിമരങ്ങളാണ് സർക്കാർ ഉത്തരവിൻ്റെ മറവിൽ പ്രതികൾ മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി വെട്ടിമാറ്റിയത്. കർഷകരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ മരങ്ങൾ കൈക്കലാക്കിയതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വയനാട്ടിൽ നിന്ന് മുറിച്ച മരങ്ങൾ യാതൊരു പരിശോധനകളുമില്ലാതെ എറണാകുളത്ത് എത്തിച്ചതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. റവന്യു, വനം വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി കൂടി വ്യക്തമാക്കിയതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസിൻ്റെ തുടരന്വേഷണത്തിലും വിചാരണ നടപടികളിലും ഹൈക്കോടതിയുടെ ഈ നിരീക്ഷണം നിർണായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR