Enter your Email Address to subscribe to our newsletters

Ernakulam , 24 ജൂലൈ (H.S.)
ഉദ്യോഗസ്ഥർക്കെതിരെ നിയമപോരാട്ടം കടുപ്പിച്ച് നടി അൻസിബ ഹസൻ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പാലാരിവട്ടം എസ്.എച്ച്.ഒ യ്ക്കുമെതിരെയാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഗുരുതരമായ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി ഫയൽ ചെയ്തത്.
പരാതിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടി ലക്ഷ്മി പ്രിയക്കും മറ്റു രണ്ടു പേർക്കെതിരെയായിരുന്നു അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നതായിരുന്നു പരാതിയുടെ ആധാരം.
എന്നാൽ, പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ ഈ പരാതിയിൽ കേസെടുക്കാൻ മതിയായ കാര്യങ്ങളൊന്നുമില്ലെന്നും, വേണമെങ്കിൽ അൻസിമ്പയ്ക്ക് മാനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പരാതി പരിഗണിച്ച കോടതിയിൽ സർക്കാരിന്റെ ഈ നിലപാട് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. പൊലീസിന്റെ ഈ നിലപാടിനെ തുടർന്നാണ് പരാതിക്കാരി ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
മുമ്പും സമാനമായ രീതിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ അൻസിബ പരാതി നൽകിയിരുന്നു. നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിലും നടി ലക്ഷ്മി പ്രിയ, ഭർത്താവ്, എസ്.ഐ. രേഷ്മ എന്നിവർക്കെതിരെ ഹിൽപാലസ് പൊലീസിലും അൻസിബ നൽകിയ പരാതികളിൽ കോടതിയുടെ നിർദേശപ്രകാരം മുൻപ് കേസെടുത്തിരുന്നു. എന്നാൽ, പാലാരിവട്ടം പൊലീസിൽ നൽകിയ മൂന്നാമത്തെ പരാതിയിലാണ് കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ നടി ശ്വേതാ മേനോനും പങ്കുണ്ടെന്ന ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു.
അൻസിബയുടെ പുതിയ ഹർജി പരിഗണിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വിഷയത്തിൽ ബന്ധപ്പെട്ട പൊലീസ് മേലുദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ലക്ഷമിപ്രിയ ഉൾപ്പടെയുളള മൂന്ന് പേർക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ 27 ന് കോടതി വിധി പറയും.
അൻസിബയുടെ പരാതിയിൽ ടിനി ടോമിന് ജാമ്യം
നടി അൻസിബ ഹസൻ നടൻ ടിനി ടോമിന് എതിരെയും കേസ് നല്കിയിരുന്നു. കഴിഞ്ഞ ആഴ്ച കേസില് ടിനി ടോമിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കടവന്ത്ര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. താൻ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന ടിനി ടോമിൻ്റെ ഉറപ്പ് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നാൽ തന്നെ, മുൻകൂർ ജാമ്യമുള്ളതിനാൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി താരത്തെ ഉടൻ ജാമ്യത്തിൽ വിട്ടയക്കേണ്ടി വരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR