Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ജൂലൈ (H.S.)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് ഉത്തരവാദികൾ ഉണ്ടെന്നും സംസ്ഥാന നേതൃത്വത്തിനാണ് വീഴ്ച പറ്റിയതെന്നുമുള്ള കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം അംഗീകരിച്ച് സിപിഎം സംസ്ഥാന സമിതി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനകമ്മിറ്റി നേരത്തെ തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ നാലു കാര്യങ്ങളിൽ കേന്ദ്രകമ്മിറ്റി വരുത്തിയ തിരുത്തലും സംസ്ഥാന നേതൃത്വം അംഗീകരിച്ചു.
ബുധനാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം രണ്ടുദിവസമായി നിശ്ചയിച്ചിരുന്ന സംസ്ഥാന സമിതിയോഗം ഒരുദിവസത്തേക്ക് വെട്ടിച്ചുരുക്കി. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയിലെ തെറ്റുതിരുത്തൽ ചർച്ച ചെയ്യാനുള്ള സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരാനും തീരുമാനമായി. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായിരുന്നു സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് അവലോകനത്തിൽ കേന്ദ്രകമ്മിറ്റി വരുത്തിയ നാലു തിരുത്തലുകൾ ഏകണ്ഠമായി സംസ്ഥാന സമിതി അംഗീകരിച്ചു.
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശത്തെ ശക്തമായി എതിർത്തില്ലെന്നതിൽ, ചില നേതാക്കൾ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന പരാമർശംകൂടി നടത്തിയെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റായ പ്രചാരണം ഉണ്ടായെന്നതിനൊപ്പം, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉൾപ്പെടുത്തി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ച പറ്റിയെന്നതിൽ, സംസ്ഥാന നേതാക്കളിൽ ഉത്തരവാദിത്തപ്പെട്ടവർ അത് തിരുത്താൻ തയ്യാറായില്ലെന്നും കൂട്ടിച്ചേർത്തു.
പിഎം ശ്രീയിൽ സിപിഐ ഉയർത്തിയ വിമർശനം തെറ്റായ പ്രചാരണത്തിന് വഴിവച്ചെന്ന സംസ്ഥാനത്തിന്റെ വിലയിരുത്തലിൽ, കൂട്ടായ ചർച്ചയില്ലാത്തതും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതുമാണ് പ്രശ്നമായതെന്ന് ഉൾപ്പെടുത്തി. ഇതെല്ലാം സംസ്ഥാന കമ്മിറ്റി എതിർപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു. തിരുത്തൽ നടപടിക്ക് വേണ്ടി ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ മുന്നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കാനും ഓഗസ്റ്റ് മൂന്നിന് സ്വാഗത സംഘം രൂപീകരണ യോഗം കോഴിക്കോട്ട് ചേരാനും തീരുമാനിച്ചു.
വിശാല സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് ചേരാനാണ് ആദ്യം ആലോചിച്ചതെങ്കിലും പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായ കോഴിക്കോട്ട് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ള നേതാക്കളും ബഹുജന സംഘടനകളുടെ ഭാരവാഹികളും വിശാല സംസ്ഥാന സമിതിയോഗത്തിൽ പങ്കെടുക്കും.
ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പി.ബി അംഗങ്ങളും നിരീക്ഷകരായെത്തും. തെരഞ്ഞെടുപ്പു തോൽവിയിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ കൂടി ഉൾപ്പെടുത്തി പ്രത്യേക രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. റിപ്പോർട്ട് തയ്യാറാക്കാൻ ഓഗസ്റ്റിൽ സംസ്ഥാന സമിതി ചേരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR