ശാന്തൻപാറയിൽ വീണ്ടും 'ചക്കക്കൊമ്പൻ്റെ' താണ്ഡവം;വനംവകുപ്പിനെതിരെ പ്രതിഷേധം കത്തുന്നു.
Idukki , 24 ജൂലൈ (H.S.) അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ഇടുക്കി ആനയിറങ്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ കാട്ടാന ഭീതിക്ക് ശമനമില്ല. ശാന്തൻപാറ ആനയിറങ്കലിൽ വീണ്ടും കാട്ടാനയുടെ ഭീകരാന്തരീക്ഷം. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന ''ചക്കക്കൊമ്പൻ
CHAKKAKOMBAN


Idukki , 24 ജൂലൈ (H.S.)

അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ഇടുക്കി ആനയിറങ്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ കാട്ടാന ഭീതിക്ക് ശമനമില്ല. ശാന്തൻപാറ ആനയിറങ്കലിൽ വീണ്ടും കാട്ടാനയുടെ ഭീകരാന്തരീക്ഷം. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന 'ചക്കക്കൊമ്പൻ' പ്രദേശത്തെ റേഷൻ കടയ്ക്കും ലയൻസിലെ മണിയുടെ കടയ്ക്കും നേരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ ആക്രമണമുണ്ടായത്.

തുടർച്ചയായി ഇത് പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കട കാട്ടാന ആക്രമിച്ചു തകർക്കുന്നത്. അരിക്കൊമ്പൻ്റെ മാറ്റത്തിന് ശേഷം മേഖലയിൽ ചക്കക്കൊമ്പൻ്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ ഒരു കടയ്ക്ക് നേരെ മാത്രം ചക്കക്കൊമ്പൻ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്.

മേൽക്കൂരയും വാതിലും തകർത്തു; ആട്ടപ്പാക്കറ്റ് വലിച്ചെടുക്കാൻ ശ്രമം

വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെ തന്നെ ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചാണ് ആനയെ തുരത്തിയത്. എന്നാൽ പുലർച്ചെ 5.30-ഓടെ വീണ്ടും മടങ്ങിയെത്തിയ ചക്കക്കൊമ്പൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

റേഷൻ കടയുടെ മേൽക്കൂരയും വാതിലും പൂർണ്ണമായി തകർത്ത ആന, അകത്തുണ്ടായിരുന്ന ആട്ടപ്പാക്കറ്റുകളും അരിയും തുമ്പിക്കൈയിട്ട് പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് പ്രദേശവാസികൾ വീണ്ടും ഓടിയെത്തി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്. ധാന്യങ്ങൾ നശിച്ചിട്ടില്ലെങ്കിലും കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് റേഷൻ കട വ്യാപാരി വേളാങ്കണ്ണി പറഞ്ഞു.

ഞങ്ങൾ മരിച്ചാലും അവർക്കൊന്നുമില്ല'; അധികൃതർക്കെതിരെ ജനരോഷം

ആർ.ആർ.റ്റിയുടെയും വനംവകുപ്പിൻ്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി 9 മണിക്ക് ആന വന്നപ്പോൾ തന്നെ ആർ ആർ റ്റിയെ വിവരമറിയിച്ചിരുന്നു. എന്നാൽ അവർ വന്നു നോക്കി മടങ്ങിയതല്ലാതെ ജനങ്ങൾക്ക് യാതൊരു സുരക്ഷയും ഉറപ്പാക്കിയില്ല പ്രദേശവാസിയും ഒന്നാം വാർഡ് വൈസ് പ്രസിഡൻ്റുമായ മഞ്ജു പറഞ്ഞു.

തോട്ടം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ വനംവകുപ്പോ കമ്പനി അധികൃതരോ പുനർനിർമാണത്തിന് തയ്യാറാകുന്നില്ലെന്ന് റേഷൻ കട വ്യാപാരി ആൻ്റണി വ്യക്തമാക്കുന്നു. ഓരോ തവണയും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് കട ശരിയാക്കുന്നത്. വൻ സാമ്പത്തിക ബാധ്യതയും ജീവഭയവും കാരണം വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News