പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട് തെറ്റാണെന്ന് ഹൈക്കോടതി
Ernakulam , 24 ജൂലൈ (H.S.) പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) നിലപാട് തെറ്റാണെന്ന് ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.
Kalladi Landslide


Ernakulam , 24 ജൂലൈ (H.S.)

പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) നിലപാട് തെറ്റാണെന്ന് ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

എട്ടുപേരുടെ ജീവനെടുത്ത വയനാട് കള്ളാടിയിലെ ഇരട്ടത്തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ വിഷയം പരിഗണിക്കവെയാണ് അതോറിറ്റിയുടെ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ അമിക്കസ് ക്യൂറിയായി സമർപ്പിച്ച റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് കോടതി 10 ദിവസം സാവകാശം അനുവദിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ ബന്ധുക്കൾക്ക് വിട്ടുനൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മറ്റു സ്ഥലങ്ങളുടെ വിവരങ്ങൾ നൽകണം

മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ ഏഴിന് നടന്ന കള്ളാടി മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ചു തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുരന്തനിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിയമപരമായ വീഴ്ച സംഭവിച്ചുവെന്നും കെ.എസ്.ഡി.എം.എ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അതോറിറ്റിയുടെ വീഴ്ചകൾ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ദുരന്തസാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടെന്നിരിക്കെ ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് കെ.എസ്.ഡി.എം.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയായതിനാൽ ഇടപെടാനാകില്ലെന്ന് കാട്ടി കെ.എസ്.ഡി.എം.എ ഫയൽ മടക്കുകയായിരുന്നു. ജൂൺ മൂന്നിലെ കെ.എസ്.ഡി.എം.എയുടെ ഈ തീരുമാനം പിൻവലിക്കണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണ് ഹൈക്കോടതിയുടെ പരാമർശം ഇന്നുണ്ടായത്.

സമഗ്ര പഠനത്തിന് ശേഷം അന്തിമ നിഗമനംകള്ളാടി മണ്ണിടിച്ചിലിൻ്റെ കാരണം ശാസ്ത്രീയമായി പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതതല വിദഗ്ധ സമിതി ദുരന്ത മേഖല സന്ദർശിച്ചു. സമഗ്ര പഠനത്തിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് സമിതി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങളും പരിസ്ഥിതി അനുമതികളും ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് വിദഗ്ധർ അറിയിച്ചു. സ്ഥല പരിശോധനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി രാജേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനൊപ്പം നിർമാണ പ്രവർത്തനങ്ങളിൽ അശാസ്ത്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നത്, സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക വീഴ്ചകൾ, പരിസ്ഥിതി ആഘാതം തുടങ്ങിയ എല്ലാ വശങ്ങളും വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News