Enter your Email Address to subscribe to our newsletters

Kasaragod , 24 ജൂലൈ (H.S.)
ഇ.വി.എം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്) ഹാക്കിങ്ങിന്റെ പേരില് കോൺഗ്രസ് നേതാവിനെതിരേ ഗുരുതര ആരോപണം ഉയര്ന്നതോടെ കാസർകോട് കോണ്ഗ്രസിലും യുഡിഎഫിലും വിവാദം പുകയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് നേതാവ് സമീപിച്ചെന്നാണ് പ്രധാന ആരോപണം.
ഇവിഎം ഹാക്കിങ്ങിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും ജനവിധി അനുകൂലമാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് ഇതിനായി പണം നൽകിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥി വഴങ്ങിയില്ലെന്നുമാണ് ആരോപണം. വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായി സൂചനയുണ്ട്. ചൊവ്വാഴ്ച നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായതായും പറയപ്പെടുന്നു.
അതിനിടെ, വിഷയം കൂടുതല് ഗുരുതരമാക്കി ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തലും പുറത്തുവന്നു. ഇവിഎം ഹാക്ക് ചെയ്ത് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം നൽകി വഖഫ് ബോർഡ് മുൻ സി.ഇ.ഒ അഡ്വ. ബി.എം. ജമാലിന്റെ പേരിൽ തന്നോടും പണം ആവശ്യപ്പെട്ടിരുന്നുവെന്ന് കാസർകോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ഷാനവാസ് പാദൂർ വെളിപ്പെടുത്തി. ആദ്യം അഡ്വാൻസ് തരാനും വിജയിച്ച ശേഷം ബാക്കി തുക നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് മനസ്സിലായതുകൊണ്ട് അതിന് വഴങ്ങിയില്ലെന്നും കാസർകോട് മണ്ഡലത്തിലെ ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിലും തിരുവനന്തപുരത്തും ഇത്തരത്തിൽ ചെയ്യുന്നുണ്ടെന്ന് തന്നെ ബന്ധപ്പെട്ടവർ അവകാശപ്പെട്ടെന്നും ആവശ്യപ്പെട്ടത് 40 ലക്ഷമാണെന്നും ഷാനവാസ് പറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഷാനവാസ് പാദൂർ ആവശ്യപ്പെട്ടു
എന്നാല്, തനിക്കെതിരെ ഉയര്ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബി.എം. ജമാൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലട്ര മാഹിൻ ഹാജിയെയും എ.കെ.എം. അഷ്റഫിനെയും താന് ബന്ധപ്പെട്ടിട്ടില്ലെന്നും ഉദുമയിലെ ചീഫ് ഏജന്റ് എന്ന നിലയിൽ കെ. നീലകണ്ഠനുമായി മാത്രമേ സ്ഥിരം ബന്ധപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.
സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് മൂന്ന് സ്ഥാനാർത്ഥികളും വ്യക്തമാക്കട്ടെ എന്ന് വെല്ലുവിളിച്ച ജമാൽ, ഇങ്ങനെയൊരു പരാതിയുള്ളതായി തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ടെന്ന വിവരത്തിന് പിന്നാലെ, അത് തടയാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ഈ ഉമ്മാക്കി കാണിച്ചൊന്നും തന്നെ തടയാനാവില്ലെന്നും പാർട്ടി തീരുമാനിച്ചാൽ ആ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ രംഗത്തെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ വിഴുപ്പലക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ ജമാൽ, തനിക്കെതിരെയുള്ള വ്യാജ ആരോപണത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR