Enter your Email Address to subscribe to our newsletters

Kozhikode , 24 ജൂലൈ (H.S.)
കേരളത്തിലെ ആശുപത്രികളിലും തെരുവോരങ്ങളിലും വിശപ്പകറ്റാൻ സ്നേഹത്തിൻ്റെ ഭക്ഷണപ്പൊതികളുമായി സന്നദ്ധ, യുവജന സംഘടനകളും വ്യക്തികളും സജീവമാകുന്നു. ആശുപത്രികളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ബാനറുകളും വച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയെങ്കിലും പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ചോറും കറികളും കഞ്ഞിയും ചപ്പാത്തിയുമടക്കം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി നിരവധി പേർക്കാണ് സൗജന്യമായി നൽകുന്നത്.
ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഹൃദയപൂർവം എന്ന പേരിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചത് 2017 ജനുവരി ഒന്നിനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടങ്ങിയ പദ്ധതിയിലൂടെ 2026ലെ കണക്കുകൾ പ്രകാരം എട്ടു കോടി പൊതിച്ചോറുകൾ ഇതുവരെ വിതരണം ചെയ്തു. നിലവിൽ പ്രതിദിനം നാൽപ്പതിനായിരത്തിലധികം പൊതിച്ചോറുകളാണ് നൽകുന്നത്
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം പ്രതിദിനം 3500 മുതൽ 4000 വരെ പൊതിച്ചോറുകൾ നൽകുന്നുണ്ട്. നാദാപുരം, കുറ്റ്യാടി, വടകര, താമരശ്ശേരി, കൊയിലാണ്ടി ആശുപത്രികളിലും ഡിവൈഎഫ്ഐ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണം എത്തിക്കുന്നു. സംഘടനയുടെ 264 മേഖലാ കമ്മിറ്റികളിൽ ഒരു ദിവസം ഒരു കമ്മിറ്റി എന്ന നിലയിലാണ് വിതരണ ചുമതല. വീടുകളിൽനിന്നു ശേഖരിക്കുന്ന പൊതിച്ചോറുകൾ സംസ്ഥാനത്തെ 14 ജില്ലകളിലും വിജയകരമായി വിതരണം ചെയ്യുന്നുണ്ട്.
അന്നം മുടക്കരുതെന്ന് നാട്ടുകാർ
പൊതിച്ചോറ് നൽകുന്നത് വലിയ ആശ്വാസമാണെന്നും അത് മുടക്കാൻ ശ്രമിക്കരുതെന്നും നാട്ടുകാർ പറഞ്ഞു. മാസങ്ങളായി ആശുപത്രിയിൽ നിൽക്കുന്നവർക്ക് പോലും ഒരു ദിവസം പോലും അന്നം മുടങ്ങാറില്ല. ഏത് വിശേഷ ദിവസമായാലും കൃത്യസമയത്ത് ഭക്ഷണം എത്തും. ഇതിനുപുറമെ ആവശ്യപ്പെടുന്ന ഏത് ഗ്രൂപ്പിൽപ്പെട്ട രക്തവും ഇവർ എത്തിച്ചുനൽകുന്നുണ്ട്. മൂന്നുനേരത്തെ ഭക്ഷണം പണം കൊടുത്തു വാങ്ങുകയെന്നത് വലിയ ചെലവുള്ള കാര്യമായതിനാൽ ഉച്ചയ്ക്ക് ലഭിക്കുന്ന ആഹാരം വലിയ ആശ്വാസമാണെന്ന് ജനങ്ങൾ പറയുന്നു.
ഒരാൾക്കുപോലും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നിട്ടില്ല. ഇത് മുടങ്ങിയാൽ നിരവധി പേർ പട്ടിണിയിലാകും. ഒരുനേരത്തെ ഭക്ഷണം നൽകുന്നത് വിലമതിക്കാനാവാത്തതാണെന്നും അത് മുടക്കാൻ ശ്രമിക്കുന്നവർ ആശുപത്രിക്ക് മുന്നിലെത്തിയാൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് നാട്ടുകാർ വ്യക്തമാക്കി. ഉച്ചഭക്ഷണം നൽകുന്നതിനെ രാഷ്ട്രീയമായി കാണരുതെന്നും അത് മുടക്കാൻ ശ്രമിക്കരുതെന്നും ജനങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു.
പന്നിയങ്കര മേഖലയിൽ എട്ടാം തവണയാണ് വിതരണം നടത്തുന്നതെന്നും 3500 മുതൽ 4000 വരെ പൊതികളാണ് എത്തിച്ചതെന്നും ഡിവൈഎഫ്ഐ പന്നിയങ്കര മേഖലാ പ്രസിഡൻ്റ് ഗോവിന്ദ് പറഞ്ഞു. ഏത് ആരോഗ്യമന്ത്രി പറഞ്ഞാലും വിതരണം തുടരും. പാവങ്ങളുടെ സംഘടന നൽകുന്ന പൊതിച്ചോറിൽ രാഷ്ട്രീയമില്ല. കൃത്യമായ നിലപാടുള്ളവർ നൽകുന്ന സ്നേഹത്തിൻ്റെ പൊതിച്ചോറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശപ്പകറ്റാൻ സേവാഭാരതിയും
സേവാഭാരതിയുടെ നേതൃത്വത്തിലും കേരളത്തിലുടനീളം ഭക്ഷണവിതരണം നടക്കുന്നുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം 250 പേർക്ക് ഉച്ചയൂണ് നൽകുമ്പോൾ നഗരത്തിൽ പരസഹായമില്ലാതെ ജീവിക്കുന്ന അൻപതു പേർക്കും പൊതിച്ചോറ് നൽകുന്നു. വൈകുന്നേരങ്ങളിൽ കഞ്ഞി നൽകുന്ന പദ്ധതി 2009ൽ ആരംഭിച്ചപ്പോൾ ഉച്ചയൂണ് നൽകുന്നത് 2015 മുതലാണ് തുടങ്ങിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവും രാവിലെ 200 പേർക്ക് കഞ്ഞിയും കാൻസർ വാർഡിലും അഗതികളുടെ വാർഡിലുമുള്ള നൂറു പേർക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ 150 പേർക്ക് പ്രതിദിനം ഉച്ചയൂണും കോട്ടപ്പറമ്പ് കുട്ടികളുടെ ആശുപത്രിയിൽ ഉച്ചയ്ക്ക് 200 പേർക്ക് കഞ്ഞിയും സേവാഭാരതി വിതരണം ചെയ്യുന്നു.
വടകര ജില്ലാ ആശുപത്രിയിലുള്ള നൂറു പേർക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. വ്യക്തികൾ നൽകുന്ന സഹായമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ എം റെജി പറഞ്ഞു. ജനങ്ങൾ നൽകുന്ന സഹായം ഉപയോഗിച്ച് സ്വന്തം അടുക്കളയിൽ പാകം ചെയ്താണ് വിളമ്പുന്നത്. മികച്ച പ്രവർത്തനത്തിന് കൊയിലാണ്ടി സേവാഭാരതി അർഹത നേടിയിട്ടുണ്ട്. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നവരോട് ഐക്യദാർഢ്യമുണ്ടെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സജീവമായി മറ്റ് സംഘടനകളുംമെഡിക്കൽ കോളജ് ആശുപത്രിയിൽ സഹായി വാദിസ്സലാമിൻ്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് 500 പേർക്ക് ദിവസവും ചോറും കറികളുമടങ്ങിയ ഭക്ഷണം നൽകുന്നുണ്ട്. ഐഎസ്എമ്മിൻ്റെ നേതൃത്വത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിലെ 500 പേർക്കും ഭക്ഷണം നൽകുന്നു. 2010ൽ ഡോ. പീയുഷ് നമ്പൂതിരിപ്പാട് ആശുപത്രി സൂപ്രണ്ടായിരുന്ന കാലത്ത് ബീച്ച് ആശുപത്രിയിൽ ഹെൽപിങ് ഹാൻഡ്സ് തുടങ്ങിയ പദ്ധതിയിലൂടെ രോഗികൾക്കും അഗതികളുമായ 160 മുതൽ 180 വരെ ആളുകൾക്ക് രാവിലെയും രാത്രിയിലും ഭക്ഷണം എത്തിക്കുന്നുണ്ട്. ഉച്ചയ്ക്ക് ചില വ്യക്തികളുടെ നേതൃത്വത്തിലും സൗജന്യ ഭക്ഷണവിതരണമുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് പുറത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിചാർ വിഭാഗ് ഭക്ഷണവിതരണം നടത്തുന്നുണ്ട്. ആശുപത്രി വളപ്പിൽ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണം റോഡരികിൽ വച്ചാണ് നൽകുന്നത്. കെപിസിസി പ്രസിഡൻ്റായിരിക്കെ കെ സുധാകരൻ പ്രകീർത്തിച്ച പദ്ധതിയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം. എന്നാൽ ആലപ്പുഴയിലെ ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിലാണ് കേരളത്തിലെ സൗജന്യ ഭക്ഷണ പദ്ധതിയെ ബാധിക്കുന്ന പ്രസ്താവന ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയത്. മന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ ജനങ്ങൾ ഒരുനേരത്തെ അന്നത്തിനായി ഇപ്പോഴും നീണ്ട ക്യൂവിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR