Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ജൂലൈ (H.S.)
കർക്കടക വാവുബലി ചടങ്ങുകൾ പ്രധാനമായും നടക്കുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലി കടവുകളുടെയും സമഗ്ര വികസനത്തിന് ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കർക്കിടക വാവുബലിയോടനുബന്ധിച്ച് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിയ മന്ത്രി അവിടുത്തെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
ക്ഷേത്രവും ബലി തർപ്പണം നടക്കുന്ന കടവുകളും ബലി മണ്ഡപങ്ങളും പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമാക്കി വികസിപ്പിക്കാനാണ് തീരുമാനം. യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടുത്തെ വികസനപ്രവർത്തനങ്ങൾ നടത്തും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും യോജിച്ചുള്ള പ്രവർത്തനം ഇതിന് ആവശ്യമാണ്.
1970 കളിൽ ഇവിടുത്തെ കടവുകളിൽ കുളിക്കാനും അസ്ഥി ഒഴുക്കാനും സൗകര്യം ഉണ്ടായിരുന്നു. കാലക്രമേണ അത് ഇല്ലാതായി. വാവ് കാലത്തു മാത്രം കടവുകൾ വൃത്തിയാക്കുന്ന രീതി മാറി, ഒരു സ്ഥിരം സംവിധാനം ഇവിടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കടവുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഷിഗല്ല പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ബലിതർപ്പണ സമയത്തു പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന് മുൻകരുതൽ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലെ ബലി കടവുകളും ബലി മണ്ഡപങ്ങളും സന്ദർശിച്ച മന്ത്രി ബലി മണ്ഡപങ്ങൾ നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ക്ഷേത്രത്തിലും പരിസരങ്ങളിലുമായി 11 ബലി മണ്ഡപങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് നാല് ബലി മണ്ഡപങ്ങൾ ക്രമീകരിക്കും.
ഭക്തർക്കായി ബയോ ടോയ്ലറ്റുകളും കുളിക്കാനായി ഷവറുകളും ഒരുക്കും. ക്ഷേത്രത്തിന് സമീപത്തെ പൊതുമരാമത്ത് റോഡ് ടാർ ചെയ്യും. പാർക്കിങ്ങിനായി സമീപത്തെ ഗ്രൗണ്ടിലും സ്കൂളിലും സൗകര്യം ഏർപ്പെടുത്തും.
വാർഡ് കൗൺസിലർ പാപ്പനംകോട് സജി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി സുനിൽ കുമാർ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ രഞ്ജിത്. കെ. ശേഖർ, ക്ഷേത്രം ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR