Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ജൂലൈ (H.S.)
മൺസൂൺ കാറ്റ് അനുകൂലമായതോടെ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മൺസൂൺ കാറ്റ് വീശുന്നതിൻ്റെ സ്വാധീനഫലമായാണ് കർണാടകയിലും വടക്കൻ കേരളത്തിലും മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിലും ഇടവിട്ടുള്ള മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ജൂലൈ 30 മുതൽ അതിശക്തമായ മഴ ലഭിക്കുമെന്നും ഇത് ഓഗസ്റ്റ് ആദ്യവാരം വരെ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് നിലവിൽ ശക്തമായ മഴ ലഭിച്ചത്. പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് പെയ്യുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
കേരളത്തിൽ ഈ വർഷം ഇതുവരെ 36 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ ഒന്ന് മുതൽ ജൂലൈ 23 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ലക്ഷദ്വീപിൽ 32 ശതമാനം മഴ കുറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ കുറഞ്ഞത് വയനാട് ജില്ലയിലാണ്. ഇവിടെ 62 ശതമാനം മഴയുടെ കുറവാണുണ്ടായത്. 1376.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 524 മില്ലിമീറ്റർ മഴ മാത്രമാണ് വയനാട്ടിൽ ലഭിച്ചത്. ഇടുക്കി ജില്ലയിലും 60 ശതമാനം മഴ കുറഞ്ഞു. 1328.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 531.9 മില്ലിമീറ്റർ മഴ മാത്രമാണ് ഇടുക്കിയിൽ പെയ്തത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
വിവിധ സംസ്ഥാനങ്ങളിലെ മഴ
ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ കനത്ത മഴ ലഭിക്കുന്നതും അതിശക്തമായ മഴ മുന്നറിയിപ്പുള്ളതുമായ പ്രധാന സംസ്ഥാനങ്ങൾ ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവയാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും ഗോവയിലും മഴ കനക്കുകയാണ്. ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യമാണുള്ളത്. വൽസാദ് ജില്ലയിൽ റെക്കോഡ് മഴയാണ് ലഭിച്ചത്. ഇവിടെ ഏകദേശം 36 ഇഞ്ച് മഴ രേഖപ്പെടുത്തിയതിനൊപ്പം രൂക്ഷമായ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിന് പുറമേ മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ, റായ്ഗഡ് മേഖലകളിൽ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ ഇന്ത്യയിലെ മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തമായി തുടരുകയാണ്. വടക്കൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലും കാലവർഷം ശക്തിപ്രാപിക്കുന്നുണ്ട്.
മൺസൂൺ പാത്തി
വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന സജീവമായ മൺസൂൺ പാത്തിയാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് പ്രധാന കാരണം. ഇതിനുപുറമെ വടക്കൻ പാകിസ്ഥാന് മുകളിലുള്ള പടിഞ്ഞാറൻ അസ്വസ്ഥതയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴ കനക്കാൻ കാരണമായി. കനത്ത മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ ജാഗ്രത നിർദേശം കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR