'ഓപ്പറേഷന് കളരി' പദ്ധതിയുമായി കായിക വകുപ്പ്
Thiruvananthapuram, 24 ജൂലൈ (H.S.) കായിക മേഖലയുടെ സമഗ്ര മുഖം മിനുക്കലിന് വഴിയൊരുക്കി ഓപ്പറേഷന് കളരി ഒരുങ്ങുന്നു. കായിക മേഖലയുടെ കാലോചിത നവീകരണത്തിന് വഴിയൊരുക്കുന്ന പദ്ധതിയില് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം നല്കുന്നതിനൊപ്പം നിലവില് ഉള്ളവയുട
O J Janeesh


Thiruvananthapuram, 24 ജൂലൈ (H.S.)

കായിക മേഖലയുടെ സമഗ്ര മുഖം മിനുക്കലിന് വഴിയൊരുക്കി ഓപ്പറേഷന് കളരി ഒരുങ്ങുന്നു. കായിക മേഖലയുടെ കാലോചിത നവീകരണത്തിന് വഴിയൊരുക്കുന്ന പദ്ധതിയില് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം നല്കുന്നതിനൊപ്പം നിലവില് ഉള്ളവയുടെ പോരായ്മകള് പരിഹരിക്കുന്നതിനും മുന്തിയ പരിഗണനയുണ്ട്.

കായിക രംഗത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് ഓപ്പറേഷന് കളരി ആവിഷ്ക്കരിച്ചതെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷന് വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് അറിയിച്ചു. കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫഷണലായി പരിപാലിക്കാനും ലക്ഷ്യമിട്ടാണ് 'ഓപ്പറേഷന് കളരി' (Operation KALARI - Kerala Alliance for Local Athletic Revamp and Infrastructure) കളം പിടിക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങള്, നീന്തല്ക്കുളങ്ങള്, സ്പോര്ട്സ് ഹോസ്റ്റലുകള്, ജിംനേഷ്യങ്ങള് തുടങ്ങിയ കായിക ആസ്തികളുടെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവത്ക്കരണം, പരിപാലനം എന്നിങ്ങനെയുള്ള സമഗ്ര വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

കായിക വകുപ്പ്, കേരള സംസ്ഥാന സ്പോര്ട്സ് കണ്സില്, ജില്ലാ സ്പോര്ട്സ് കൗണ്സിലുകള്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള് എന്നിവയുടെ കീഴിലുള്ള വിവിധ കായിക ആസ്തികള് സ്പോണ്സര്മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തുക, നവീകരിക്കുക, ആവശ്യമായ കായിക ഉപകരണങ്ങള് ലഭ്യമാക്കുക, അവ കൃത്യമായി പരിപാലിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലുള്പ്പെടുന്നു.

പൊതുഉടമസ്ഥത ഉറപ്പുവരുത്തുക, സ്പോണ്സര്മാരുടെ പിന്തുണ പ്രയോജനപ്പെടുത്തുക, പ്രൊഫഷണല് രീതിയിലുള്ള പരിപാലനം ഉറപ്പാക്കുക, കായികതാരങ്ങള്ക്ക് പരമപ്രധാനമായ മുന്ഗണന നല്കുക എന്നിവയാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്.

സ്പോണ്സര്മാര്ക്ക് വിവിധ രീതികളില് ഈ പദ്ധതിയുടെ ഭാഗമാകാം. അറ്റകുറ്റപ്പണി-നവീകരണ സ്പോണ്സര്ഷിപ്പിലൂടെ സിവില്, ഇലക്ട്രിക്കല് ജോലികള്, ടര്ഫ് നവീകരണം, ഫ്ലഡ്ലൈറ്റുകള് സ്ഥാപിക്കല്, ശുചിമുറി നവീകരണം എന്നിവ ഏറ്റെടുക്കാം. ദത്തെടുത്ത് പരിപാലിക്കുന്ന മാതൃകയിലൂടെ മൂന്ന് മുതല് അഞ്ച് വര്ഷം വരെ കായിക ആസ്തികളുടെ പൂര്ണമായ പരിപാലന ചുമതല ഏറ്റെടുക്കാം.

ഉപകരണ സ്പോണ്സര്ഷിപ്പിലൂടെ ആധുനിക ജിം ഉപകരണങ്ങള്, ഡിജിറ്റല് സ്കോര്ബോര്ഡുകള്, കളിമാറ്റുകള് തുടങ്ങിയവ ലഭ്യമാക്കാം. കായികതാരങ്ങള്ക്കായുള്ള ഭൗതിക സാഹചര്യങ്ങള്ക്ക് സ്പോണ്സര്ഷിപ്പ് ചെയ്യുന്നതിലൂടെ ഡോര്മിറ്ററികള്, ചേഞ്ചിങ്ങ് റൂമുകള്, ഫിസിയോതെറാപ്പി സൗകര്യങ്ങള് എന്നിവ മെച്ചപ്പെടുത്തി നല്കാം.

സ്പോണ്സര്ഷിപ്പിൻ്റെ തുകയുടെയും സ്വഭാവത്തിൻ്റെയും അടിസ്ഥാനത്തില് Platinum Asset Partner, Gold Facility Partner, Silver Basic Amenities Partner, Community Sports Partner എന്നിങ്ങനെ സ്പോണ്സര്മാരെ തരംതിരിച്ച് അംഗീകാരങ്ങള് നല്കും. കോര്പ്പറേറ്റ് സ്ഥാപനങ്ങള്, വ്യക്തികള്, പ്രവാസി മലയാളികള്, സഹകരണ സ്ഥാപനങ്ങള് എന്നിവര്ക്കെല്ലാം കായികഭാവി മികവുറ്റതാക്കുന്ന ഈ പദ്ധതിയില് പങ്കാളികളാകാം.

എന്നാല് ഈ പദ്ധതിയില് സ്പോണ്സര്മാര്ക്ക് പരസ്യാംഗീകാരം, ബ്രാന്ഡിങ്, നിശ്ചിത ഘടകങ്ങളുടെ നാമകരണം തുടങ്ങിയ പരിമിതമായ ആനുകൂല്യങ്ങള് മാത്രമേ ലഭിക്കൂ. കായിക ആസ്തികളുടെ വില്പ്പനയോ, കൈമാറ്റമോ, പാട്ടത്തിന് നല്കലോ ഉണ്ടാകില്ല. ഭൂമിയുടെയും കെട്ടിടങ്ങളുടെയും പൂര്ണമായ ഉടമസ്ഥതയും ഭരണപരമായ നിയന്ത്രണവും സര്ക്കാരിലും കായിക കൗണ്സിലിലും തന്നെ നിക്ഷിപ്തമായിരിക്കും.

വനിതാ കായികതാരങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും അനുയോജ്യമായ സൗകര്യങ്ങള് ഒരുക്കുന്നതിന് പദ്ധതി മുന്ഗണന നല്കുന്നു. പദ്ധതിയുടെ ഏകോപനത്തിനായി കായിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില് സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സ്പോര്ട്സ് കേരള ഫൗണ്ടേഷന് ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രൊജക്ട് മാനേജ്മെൻ്റ് ഏജന്സി.

ആദ്യ ഘട്ടത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളില് നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 25 മുതല് 50 വരെ കായിക ആസ്തികളില് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില് നടപ്പിലാക്കും. ആറുമാസത്തിന് ശേഷം ഇതിൻ്റെ പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി സംസ്ഥാനവ്യാപകമാക്കും.

ഓപ്പറേഷന് കളരി പൂര്ണമായും സുതാര്യമാക്കുന്നതിനായി ഡാഷ്ബോര്ഡ് സജ്ജമാക്കുന്നുണ്ട്. ഇതിലൂടെ സ്പോണ്സര്ഷിപ്പിന് ലഭ്യമായ ആസ്തികളുടെ പട്ടിക, തെരഞ്ഞെടുത്ത സ്പോണ്സര്, പ്രവൃത്തിയുടെ പുരോഗതി, നവീകരണത്തിന് മുന്പും ശേഷവുമുള്ള ഫോട്ടോകള് എന്നിവ ജനങ്ങള്ക്ക് ഇതിലൂടെ തത്സമയം കാണാന് സാധിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കായിക ആസ്തികള് വേഗത്തില് ജനങ്ങള്ക്ക് ലഭ്യമാക്കാന് സഹായിക്കുന്ന ഓപ്പറേഷന് കളരിയിലൂടെ കായികതാരങ്ങള്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള് ലഭിക്കുന്നതിനും വഴിയൊരുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News