Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ജൂലൈ (H.S.)
മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ച കേസിൽ കൂടുതൽ കേസെടുത്ത് പൊലീസ്. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി മെഡിക്കൽ കോളജ് പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഇതോടെ, ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകൾ എബേലിനെതിരെയായി. 17 വിദ്യാർഥികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം ആവശ്യമാണെങ്കിൽ കൂടുതൽ കേസുകൾ എടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ എബേൽ അഗസ്റ്റിനെ ഇന്ന് റിമാൻഡ് ചെയ്യും.
മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും 11 വിദ്യാർഥികൾ പരാതി നൽകിയിട്ടും ഒരു കേസ് മാത്രമാണ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം, പരാതി ശക്തമായതിനെത്തുടർന്ന് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആദ്യകേസിൽ അറസ്റ്റിലായി ജാമ്യത്തിൽ വിട്ട എബേലിനെ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ 20ൽ കൂടുതൽ ഇരകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിനെത്തുടർന്ന് എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എബേൽ വീണ്ടും കോളജിലെത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
പ്രതിയായ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥി എബേൽ അഗസ്റ്റിനെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി കഴക്കൂട്ടം എസി പിപി അനിൽകുമാർ പറഞ്ഞു. 17 പേർ പരാതി നൽകിയിട്ടുണ്ട്. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആവശ്യമാണെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും എസി പറഞ്ഞു. എബേലിൻ്റെ നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും. സുഹൃത്തുക്കൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും വിവിധതലങ്ങളിൽ പരിശോധന നടക്കുകയാണെന്നും ഡിസിപി കെ എസ് സഹൻഷാ അറിയിച്ചു.
പ്രതിയായ എബേൽ അഗസ്റ്റിൻ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ മുഖം മാത്രം മുറിച്ചെടുത്ത് നഗ്നഫോട്ടോകളുമായി ചേർത്ത് ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതായാണ് കണ്ടെത്തിയത്. ഇതോടൊപ്പം അവരുടെ ഫോൺ നമ്പറുകളും നൽകിയിരുന്നു. മൂന്നാംവർഷ വിദ്യാർഥിയായ എബേൽ ആദ്യ രണ്ട് വർഷങ്ങളിലും മികച്ച മാർക്ക് നേടിയാണ് വിജയിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ പക്കൽ നിന്നുണ്ടായ അനുഭവത്തിൽ ഞെട്ടലിലാണ് സഹപാഠികൾ.
ആദ്യകേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിൻ്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് 100ലധികം വിദ്യാർഥികൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ബുധനാഴ്ച രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും പൊലീസ് പറയുന്നു.
പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയതു കൊണ്ടാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് യൂണിവേറ്റി യൂണിയൻ കൗൺസിലർ എൻഎച്ച് സാലിഹ് പറഞ്ഞിരുന്നു. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്ന നിലയുണ്ടായാൽ ഗുരുതരമായ തെറ്റുകൾ ആവർത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർത്തിയത്. നിരവധി വിദ്യാർഥിനികൾ പരാതി നൽകിയിട്ടും പൊലീസ് ഒറ്റ എഫ്ഐആർ മാത്രമാണ് ആദ്യഘട്ടത്തിൽ എടുത്തതെന്നും പരാതിക്കാർ ആരോപിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR