Enter your Email Address to subscribe to our newsletters

Newdelhi , 24 ജൂലൈ (H.S.)
ദേശീയപാത 66 ൽ കായംകുളത്ത് എലവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ഇതിനാവശ്യമായ നിർദേശങ്ങൾ ദേശീയപാതാ അതോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ ദേശീയപാതാ വികസനം യാഥാർഥ്യമാകുമ്പോൾ കായംകുളം നഗരം രണ്ടായി വെട്ടിമുറിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഡീവിയേഷൻ റോഡുകളുടെ പുനർനിർമ്മാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയ്യാറാക്കിയ 122.25 കോടി രൂപയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.
കായംകുളം ടൗണിലെ ഷഹീദാർ ജുമാ മസ്ജിദ് മുതൽ ടെക്സ്മോ ജംഗ്ഷൻ വരെയുള്ള NH-66ന്റെ 2.2 കിലോമീറ്റർ ഭാഗത്ത് മേൽപ്പാലം നിർമ്മിക്കണമെന്നത് ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ്.
ദേശീയപാതയുടെ ഇരുവശങ്ങളിലുമായി പ്രധാന വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട മേഖലകളും സർക്കാർ ഓഫീസുകളുമായി കായംകുളം വളർന്നുകഴിഞ്ഞു. എന്നാൽ, നിലവിൽ നിർദ്ദേശിച്ചിട്ടുള്ള, മണ്ണുനിറച്ച RE മതിൽ വഴിയുള്ള ഹൈവേ നിർമ്മാണം നഗരത്തെ രണ്ടാക്കി വെട്ടിമുറിക്കുകയും ഇത് ജനങ്ങളുടെ യാത്രയെയും ദൈനംദിന ജീവിതത്തെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കും. ഈ പ്രദേശത്തെ മണ്ണ് വളരെ ബലഹീനവും മൃദുവായതുമാണ്. ഇത്തരം ഭൂപ്രകൃതിയിൽ വലിയ രീതിയിലുള്ള മൺതിട്ടകൾ നിർമ്മിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം അനുയോജ്യമാണെന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് ആശങ്കയുണ്ട്. എന്നാൽ തൂണുകളിൽ നിർമ്മിക്കുന്ന മേൽപ്പാലം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്ന് മാത്രമല്ല, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യും.
കൂടാതെ, മുൻപ് സുനാമി ബാധിച്ച തീരദേശ മേഖലയാണ് കായംകുളം. ഭാവിയിൽ ഏതെങ്കിലും പ്രകൃതിദുരന്തങ്ങളോ വെള്ളപ്പൊക്കമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ, തടസ്സമില്ലാത്ത രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും വാഹനങ്ങൾ ഒഴിപ്പിക്കുന്നതിനും മേൽപ്പാലം ഏറെ സഹായകരമാകും. ഇത് പൊതുജനസുരക്ഷയും ദുരന്തനിവാരണ ശേഷിയും വർദ്ധിപ്പിക്കും.
മറ്റൊരു പ്രധാന പ്രശ്നം, നിർദ്ദിഷ്ട തീരസംരക്ഷണ ഭിത്തി പടിഞ്ഞാറൻ ഭാഗത്തെയും പ്രധാന നഗരഭാഗത്തെയും തമ്മിൽ ഒറ്റപ്പെടുത്തും. കായംകുളത്തിന്റെ പടിഞ്ഞാറൻ തീരം അതിന്റെ ദൃശ്യവും അദൃശ്യവുമായ (tangible and intangible) സമ്പത്തിന് പേരുകേട്ടതാണ്. കൂടാതെ ഇത് ഏറെ സാധ്യതകളുള്ള ഒരു മത്സ്യബന്ധന തുറമുഖവുമാണ്. മികച്ച വിനോദസഞ്ചാര സാധ്യതകളുള്ള ഈ പ്രദേശത്ത്, ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി ദേശീയപാത മുറിച്ചുകടന്നുള്ള പ്രദക്ഷിണങ്ങളടക്കം നടക്കാറുണ്ട്. നിലവിൽ നിർദ്ദേശിച്ചിട്ടുള്ള പരിമിതമായ അടിപ്പാതകൾ ഇത്തരം സാംസ്കാരികാഘോഷങ്ങളെയും ചരക്കുനീക്കത്തെയും ബാധിക്കും. ഇത് ടൂറിസം വികസനത്തെ തടസ്സപ്പെടുത്തുകയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യും. മേൽപ്പാലം നിർമ്മിക്കുന്നതിന് ഏകദേശം 250 കോടി രൂപയുടെ അധിക നിക്ഷേപം ആവശ്യമായി വരുമെങ്കിലും ഭാവിയിലേക്ക് ഉപകരിക്കുന്നതും ജനസൗഹൃദപരവുമായ ഒരു പരിഹാരമായിരിക്കും. നഗര ഗതാഗതം, സുരക്ഷ, ദുരന്തനിവാരണം, സുസ്ഥിര വികസനം എന്നിവയിൽ ദീർഘകാല നേട്ടങ്ങൾ ഇതിലൂടെ ലഭിക്കും.
കായംകുളത്തെ ജനങ്ങളുടെ ന്യായമായ ആശങ്കകളും ആഗ്രഹങ്ങളും കണക്കിലെടുത്ത്, ഈ 2.2 കി.മീ ഭാഗത്ത് പൂർണ്ണമായും മേൽപ്പാലം നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശം വിശദമായി പുനഃപരിശോധിക്കണമെന്നും അത് നടപ്പിലാക്കുന്നതിന് വേണ്ട നിർദേശങ്ങൾ ദേശീയപാതാ അതോറിറ്റിക്ക് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒപ്പം, ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ന്റെ ഇരുവശങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനും അതിനോട് അനുബന്ധിച്ചുള്ള ഡീവിയേഷൻ റോഡുകളുടെ പുനർനിർമ്മാണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്ന് തയ്യാറാക്കിയ 122.25 കോടിയുടെ എസ്റ്റിമേറ്റും മന്ത്രി കൈമാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR