കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
Thrissur , 24 ജൂലൈ (H.S.) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്രമന്ത്രിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും
N SHAMSUDHEEN CONTROVERSY


Thrissur , 24 ജൂലൈ (H.S.)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്രമന്ത്രിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്കായി മുൻകൂട്ടി നിശ്ചയിച്ച കോൺഫറൻസിൽ മാത്രമാണ് പങ്കെടുത്തതെന്നും എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രക്ഷോഭം തുടരുന്നതിനിടെ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ വിവാദങ്ങള് ഉടലെടുത്തിരുന്നു. ഇതിലാണ് എൻ ഷംസുദ്ദീൻ്റെ വിശദീകരണം.

'സംസ്ഥാനത്തിന് അവകാശപ്പെട്ട തുക ലഭ്യമാക്കാനും വിദ്യാഭ്യാസ പദ്ധതികളുടെ നിർവ്വഹണത്തിനുമാണ് യോഗത്തിൽ പങ്കെടുത്തത്. സമഗ്ര ശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള 1500 കോടി രൂപയുടെ കുടിശിക അടിയന്തരമായി തീർപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. പി എം ശ്രീ പദ്ധതിയും സമഗ്ര ശിക്ഷാ ഫണ്ടും വെവ്വേറെ കാര്യങ്ങളാണ്. ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുത് എന്ന് കേന്ദ്രത്തെ അറിയിച്ചു. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും, എട്ടാം ക്ലാസിന് പകരം 12-ാം ക്ലാസ് വരെ ഭക്ഷണവും ഉറപ്പാക്കുന്ന പുതിയ പി എം പോഷൺ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിൻ്റെ സന്നദ്ധത യോഗത്തിൽ വ്യക്തമാക്കി'' എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിൻ്റെ നിലപാടുകളും നിർദ്ദേശങ്ങളും അറിയിക്കാനാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര മന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ചയല്ല നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത കോൺഫറൻസിലാണ് ഞാൻ പങ്കെടുത്തത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളുടെ ഫണ്ട് ലഭ്യമാക്കാനും, വരുംകാല പദ്ധതികളുടെ ആനുകൂല്യം വിദ്യാർഥികൾക്ക് ലഭിക്കാനും വേണ്ടിയാണ് യോഗത്തിൽ സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് ന്യൂഡല്ഹിയില് വിളിച്ചുചേര്ത്ത രണ്ട് ദിവസത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തത്. കേരളത്തിൻ്റെ വിവിധ പ്രശ്നങ്ങള് കേന്ദ്രമന്ത്രിയോട് അവതരിപ്പിച്ചുവെന്നും. എസ്എസ്കെ പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,500 കോടി ഉള്പ്പെടെയുള്ളവ വേഗത്തില് ലഭ്യമാക്കണമെന്നടക്കമുള്ള ആവശ്യങ്ങള് ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കിയെന്നും കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് എൻ ഷംസുദ്ദീൻ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദങ്ങള് ഉണ്ടായത്. ഇതോടെ ധര്മേന്ദ്ര പ്രധാനൊപ്പമുള്ള ചിത്രങ്ങള് ഫേസ്ബുക്കിൽ നിന്ന് മന്ത്രി ഡിലീറ്റ് ചെയ്തിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകളില് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി നേതൃത്വത്തിലും കോണ്ഗ്രസ് ഉള്പ്പെടെ പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില് സമരം ശക്തമാക്കിയിരിക്കെയാണ് ഡല്ഹിയില് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില് എന്. ഷംസുദ്ദീന് പങ്കെടുത്തത്. ഇതാണ് വിവാദത്തിന് കാരണമായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News