ഓൺലൈൻ ടാക്സി സമരത്തിൽ നിർണായക വഴിത്തിരിവ്;ഊബറിനെ പൂർണമായും ബഹിഷ്കരിക്കാൻ ഡ്രൈവർമാർ.
Ernakulam , 24 ജൂലൈ (H.S.) ന്യായമായ അടിസ്ഥാന നിരക്ക് ഉറപ്പാക്കണമെന്ന ആവശ്യത്തിൽ മാനേജ്മെൻ്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഊബർ ആപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. സർക്കാർ സംവിധാനമായ കേരള സവാരി ഉൾപ്പെടെയുള്ള മറ്
KERALA ONLINE TAXI STRIKE


Ernakulam , 24 ജൂലൈ (H.S.)

ന്യായമായ അടിസ്ഥാന നിരക്ക് ഉറപ്പാക്കണമെന്ന ആവശ്യത്തിൽ മാനേജ്മെൻ്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഊബർ ആപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. സർക്കാർ സംവിധാനമായ കേരള സവാരി ഉൾപ്പെടെയുള്ള മറ്റ് ആപ്പുകൾ വഴി സർവീസ് തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് റാപ്പിഡോ, ഒല, കേരള സവാരി എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത്, പ്രത്യേകിച്ച് കൊച്ചി നഗരത്തിൽ ഓൺലൈൻ ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലാണ്. കിലോമീറ്ററിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന നിരക്ക് ലഭ്യമാക്കുക, ഡ്രൈവർമാരോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുക, അമിതമായ കമ്മിഷൻ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ ഊബർ മാനേജ്മെൻ്റുമായി തൊഴിലാളികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ നിരക്ക് വർധിപ്പിക്കാനോ കമ്മിഷൻ കുറയ്ക്കാനോ കഴിയില്ലെന്ന കടുത്ത നിലപാടാണ് ഊബർ അധികൃതർ സ്വീകരിച്ചത്. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടതും ഊബറിനെ പൂർണ്ണമായും ബഹിഷ്കരിച്ച് സമരം കടുപ്പിക്കാൻ തൊഴിലാളികൾ തീരുമാനിച്ചതും.

അതേസമയം, തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായതോടെ റാപ്പിഡോ, ഒല, കേരള സവാരി എന്നീ പ്ലാറ്റ്ഫോമുകളെ സമരത്തിൽ നിന്ന് ഒഴിവാക്കി. കിലോമീറ്ററിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന നിരക്കായ 18 രൂപയേക്കാൾ കൂടുതൽ നൽകാമെന്ന് റാപ്പിഡോയും കേരള സവാരിയും സമ്മതിച്ചിട്ടുണ്ട്. പുതിയ ധാരണ പ്രകാരം ഓരോ കിലോമീറ്ററിനും കേരള സവാരി 20 രൂപ വീതവും റാപ്പിഡോ 21 രൂപ വീതവും ഡ്രൈവർമാർക്ക് നൽകും. ഹാച്ച്ബാക്ക് വാഹനങ്ങൾക്ക് അടിസ്ഥാന നിരക്കായി യഥാക്രമം 150 രൂപയും 160 രൂപയും നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ ഈ ആപ്പുകളിലെ ഡ്രൈവർമാർ സമരം പിൻവലിച്ച് സർവീസ് പുനരാരംഭിച്ചു. ഊബറിൽ സർവീസ് നടത്തിയിരുന്ന ഡ്രൈവർമാർ കൂട്ടത്തോടെ കേരള സവാരിയിലേക്ക് മാറുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആശ്വാസം

ഡ്രൈവർമാർ കൂട്ടത്തോടെ ഓഫ്ലൈൻ ആയതോടെ ഊബർ ആപ്പിൽ വലിയ നിരക്ക് വർധനയാണ് കാണിക്കുന്നത്. സിസ്റ്റം അൽഗോരിതം അനുസരിച്ച് വാഹനങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് യാത്രക്കാരിൽ നിന്ന് വലിയ തുക ഈടാക്കുന്നത്. എന്നാൽ റാപ്പിഡോ, ഒല, കേരള സവാരി ആപ്പുകളിൽ ഡ്രൈവർമാർ വീണ്ടും ഓൺലൈൻ ആയതോടെ ഈ പ്ലാറ്റ്ഫോമുകളിലെ നിരക്ക് സാധാരണ നിലയിലായിട്ടുണ്ട്.

കൊച്ചി, തൃശൂർ നഗരങ്ങളിലെ ഓൺലൈൻ ടാക്സി സർവീസുകളെയാണ് സമരം പ്രധാനമായും ബാധിച്ചിരുന്നത്. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവർക്ക് ടാക്സികൾ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മറ്റ് ആപ്പുകൾ സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമായിരിക്കുകയാണ്.

സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ച കേരള സവാരി ആപ്പിലേക്ക് കൂടുതൽ ഡ്രൈവർമാർ എത്തുന്നതോടെ ന്യായമായ വേതനം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര നൽകാനും സാധിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. വൻകിട കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം തുടരാൻ തന്നെയാണ് യൂണിയനുകളുടെ തീരുമാനം. വിഷയത്തിൽ നാളെ വീണ്ടും ചർച്ച നടക്കാനിരിക്കുകയാണ്. ഇതിനുശേഷം തുടർനടപടികൾ പ്രഖ്യാപിക്കുമെന്നും ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംയുക്ത സംഘടന വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News