Enter your Email Address to subscribe to our newsletters

Malappuram , 24 ജൂലൈ (H.S.)
കേരളത്തിലെ കാടുകൾ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുമെന്ന്
വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. ഇക്കോ ടൂറിസം മേഖലയല്ലാത്ത കാടുകളിലും പ്ലാസ്റ്റിക് എത്തിച്ചേരുന്ന സാഹചര്യമുണ്ട്. വനാന്തർഭാഗത്ത് ആദിവാസികളുടെ ഉപയോഗത്തിന് അവരുടെ തന്നെ നൈപുണ്യം ഉപയോഗിച്ച് പ്രകൃതിദത്ത വസ്തുക്കൾ നിർമ്മിച്ചു നൽകും. വളരെ പ്രത്യേകതകളുള്ള ചോളനായക്കർ
ആദിവാസി സമൂഹത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും. ഇവരുടെ കാടറിവുകൾ പ്രയോജനപ്പെടുത്താൻ സർക്കാരിന് ആഗ്രഹമുണ്ടെന്ന് മാഞ്ചീരി ഉന്നതിയിലെ നിവാസികളായ ചോളനായ്ക്കന്മാരെ മന്ത്രി അറിയിച്ചു. ചോളനായ്ക്കന്മാരുടെ വിഷയങ്ങൾ പ്രത്യേകമായി പഠിച്ച് അവർ തന്നെ അറിയിക്കുന്ന ആശയങ്ങളും പ്ലാനുമായിരിക്കും സർക്കാർ നടപ്പാക്കുക.
മറ്റ് ഉന്നതികളിൽ നിന്ന് വ്യത്യസ്തമാണ് ഉൾക്കാടുകളിലെ ചോളനായ്ക്കന്മാരുടെ ഉന്നതികൾ. ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാനിവാസികൾ എന്നറിയപ്പെടുന്ന ഇവരുടെ വാസസ്ഥലങ്ങൾ അധികവും മൂന്നു വശങ്ങൾ ചേർന്ന പാറയിടുക്കുകളാണ്. പുറത്തു പോയി പഠിച്ചു വന്നവർ നാട്ടിലെ രീതികൾ അവലംബിച്ചു തുടങ്ങിയിട്ടുണ്ട്. കാട്ടിൽ നിന്ന് കായ്കനികൾ ശേഖരിച്ചു ജീവിക്കുന്ന നോമാഡിക് സ്വഭാവമുള്ള സമൂഹമായതിനാൽ ഇവർക്കുള്ള കമ്മ്യൂണിറ്റി വനാവകാശവും വ്യക്തികൾക്കുള്ള വനാവകാശവും പ്രത്യേകമായി പരിഗണിക്കണം. നിയമ വശങ്ങൾ പരിശോധിച്ച് വ്യക്തമായി പഠിച്ച് സർക്കാർ പരിഹാരം കാണും. ആവശ്യമായ പ്രോട്ടീൻ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകും- മന്ത്രി അറിയിച്ചു.
ചോലനായ്ക്ക സമൂഹത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. വിനോദാണ് ഉന്നതിയുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ആരോഗ്യപ്രശ്നങ്ങൾക്കും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും നാട്ടിലെത്തിയാൽ താമസിക്കാൻ സൗകര്യമില്ലെന്ന വിവരം വിനോദ് മന്ത്രിയെ അറിയിച്ചു. അടിയന്തിരമായി ഡോർമട്രി സംവിധാനം ഒരുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഉന്നതികളിലെ അംഗങ്ങൾക്ക് വനവുമായി ബന്ധപ്പെട്ട ജോലികളിൽ മുൻഗണന നൽകണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. വന മേഖലയിൽ ഗാർഡുകളായും ഗൈഡുകളായും കാടിനെ അറിയുന്ന കായികക്ഷമതയുള്ള വ്യക്തികളുടെ സേവനം ആവശ്യമുണ്ട്. ഇതിനായി രൂപീകരിക്കുന്ന 500 പേരുടെ സ്പെഷ്യൽ റിസർവ് ഫോഴ്സിൽ പ്രഥമ പരിഗണന ട്രൈബൽ കമ്മ്യൂണിറ്റികൾക്കായിരിക്കും - മന്ത്രി അറിയിച്ചു.
ആദിവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിന് ഉപകരിക്കത്തക്ക വിധത്തിൽ കലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വരുമാനം ഉണ്ടാകുന്നതിനും വനാതിർത്തികളിൽ വനമ്യൂസിയങ്ങളുടെ നിർമ്മാണവും സാംസ്കാരിക ടൂറിസത്തിൻ്റെ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂർ ഉൾവനത്തിലുള്ള മാഞ്ചീരി ഉന്നതിയിൽ ജീപ്പുമാർഗ്ഗം ഒന്നര മണിക്കൂർ സഞ്ചരിച്ചാണ് മന്ത്രി എത്തിയത്. ചോലനായ്ക്ക സമൂഹത്തിൽ കൂടുതൽ പേരും മാഞ്ചീരി വനമേഖലയിലാണ് വസിക്കുന്നത്.
വനമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവിതസാഹചര്യം എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നേരിട്ടു മനസ്സിലാക്കാൻ വേണ്ടിയാണ് വിവിധ വകുപ്പുകളുടെ പ്രതിനിധികളുമായി മന്ത്രിയുടെ 'ഊരുണർവ്' എന്ന പേരിൽ ഊരുസന്ദർശനം ആരംഭിച്ചത്. 36 മാസം കൊണ്ട് സംസ്ഥാനത്തെ 36 ഉന്നതികളും സന്ദർശിച്ച് ഓരോ ഉന്നതിയുടെയും പ്രശ്നങ്ങൾക്ക് പ്രത്യേകം പരിഹാരം കാണുകയും ആദിവാസി സമൂഹത്തിൻ്റെ അറിവുകളുടെ സാംസ്കാരികത്തനിമ നിലനിർത്തി, മൂല്യ വർദ്ധിതമാക്കി അവർക്കും നാടിനും പ്രയോജനപ്പെടുത്തുകയുമാണ് ഊരുണർവിൻ്റെ ലക്ഷ്യം.
നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത്, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ,
അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേൺ സർക്കിൾ) കെ. വിജയാനന്ദ്, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഇ& റ്റി.ഡബ്ല്യു) കെ. കാർത്തികേയൻ, കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ എം.ടി രാജു ഫ്രാൻസിസ്, സബ് കളക്ടർ സാക്ഷി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി. ധനേഷ് കുമാർ, ജി. ധനിക് ലാൽ
തുടങ്ങിയവരും സന്ദർശനത്തിൻ്റെ ഭാഗമായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR