Enter your Email Address to subscribe to our newsletters

Kerala, 24 ജൂലൈ (H.S.)
കേരളത്തിലെ പി.എസ്.സിയുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാനോ യുവാക്കളുടെ ആശങ്ക പരിഹരിക്കാനോ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ നാടകം നടത്തി രാജ്യ തലസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് ചാത്തന്നൂർ എം എൽ എ ശ്രീ. ബി.ബി ഗോപകുമാർ. യുവമോർച്ചയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് നടത്തിയ യുവജനമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ് അധ്യക്ഷത വഹിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ആശങ്ക പരിഹരിക്കുന്നതിന് രാജ്യത്തിൻറെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുമ്പോൾ പി.എസ്.സി യുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാൻ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ എന്നും വിദേശ ഫണ്ടിന്റെ ബലത്തിൽ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരുടെ കളിപ്പാവയായി രാഹുൽഗാന്ധി മാറി എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ സർക്കാർ കാണണമെന്ന് ആവശ്യവുമായി രാജ്യതലസ്ഥാനത്ത് അരക്ഷിതാവസ്ഥയ്ക്ക് നേതൃത്വം കൊടുക്കാൻ പോയ മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ വിദ്യാർത്ഥി നേതാവിന് മുഖം കൊടുക്കാതെ പോയത് എന്തുകൊണ്ടാണെന്ന് ബി.ബി ഗോപകുമാർ ചോദിച്ചു.
പാരമ്പര്യത്തിന്റെ പേരിൽ രാജ്യം ഭരിച്ചവരുടെ നേതൃത്വത്തിൽ ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് നടത്തുന്ന ഈ ശ്രമങ്ങൾ രാജ്യത്ത് വിലപ്പോവില്ല എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ അഡ്വക്കേറ്റ് പി സുധീർ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ, ഒ നിധീഷ് എന്നിവർ സന്നിഹിതരായിരുന്നു.
കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിച്ച യുവജന മാർച്ച് ക്ലിഫ്ഹൗസിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു പ്രവർത്തകർക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പ്രവർത്തകർക്ക് പരിക്ക് നിൽക്കുകയും ചെയ്തു. യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻറ് അനന്തു, ജനറൽ സെക്രട്ടറി ഗൗതം കൃഷ്ണ,ജിഷ്ണു ഉള്ളേരി മണ്ഡലം പ്രസിഡൻറ്, ഗോകുൽ എടക്കര മണ്ഡലം ജനറൽ സെക്രട്ടറി,അമിത എന്നിവർക്ക് സാരമായി പരിക്കേറ്റു.
മാർച്ചിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്, വരുൺ പ്രസാദ്,വിഷ്ണു വഞ്ചിമല, സംസ്ഥാന ഭാരവാഹികളായ മനു മോഹൻ,ഷിജിൽ, ശ്രുതി പൊയ്ലൂർ,നിപിൻ കൃഷ്ണൻ,അധീന ഭാരതി,അഖിൽ എ എസ്, അഖിൽ വർഗ്ഗീസ്, അഭിജിത്ത് അശോകൻ,വിഷ്ണു പ്രകാശ്, റിഷാഭ് മോഹൻ എന്നിവർ നേതൃത്വം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR