Enter your Email Address to subscribe to our newsletters

New delhi, 24 ജൂലൈ (H.S.)
നീറ്റ് പരീക്ഷ ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് ഡല്‍ഹി പോലീസിന്റെ നിര്‍ണ്ണായക നടപടി. പ്രതിഷേധത്തിലേക്ക് ക്രിമനലുകള്‍ നുഴഞ്ഞു കയറാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി എഫ്ആര്‍എസ് സംവിധാനം സ്ഥാപിച്ചു.
പ്രതിഷേധ വേദിയുടെ പ്രധാന പ്രവേശന, എക്സിറ്റ് പോയിന്റുകളിലാണ് എഫ് ആര്‍ എസ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൂരെ നിന്നുപോലും മുഖചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളായ ഇവ ഡല്‍ഹി പൊലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. പ്രകടനങ്ങള്‍ക്കിടയില്‍ ക്രമസമാധാനം പാലിക്കുന്നതിനും അക്രമങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായാണ് ഹൈടെക്ക് ക്യാമറകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഫ് ആര്‍ എസ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
എഫ്ആര്‍എസ് സാധാരണ പ്രതിഷേധക്കാരെ ലക്ഷ്യമിടുന്നില്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രതിഷേധത്തില്‍ നുഴഞ്ഞുകയറി ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും തിരിച്ചറിയുന്നതിനാണ് ഈ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ തത്സമയം നിരീക്ഷിക്കും. അന്വേഷണ പരിധിയിലോ ഒളിവില്‍ പോയവരോ ആയ കുറ്റവാളിയുടെ ഐഡന്റിറ്റിയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു.
ഇത്തരം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ ബന്ധപ്പെട്ട പൊലീസ് യൂണിറ്റിനെ ഉടന്‍ അറിയിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അവരെ കൈയ്യോടെ പിടികൂടാന്‍ സഹായകമാകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. പ്രതിരോധത്തിനും അന്വേഷണത്തിനുമുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറാനും ശല്യമുണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിച്ചേക്കാവുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഇത് സഹായിക്കും.
പ്രതിഷേധിങ്ങള്‍ക്കിടെ പരീക്ഷ നടത്തിപ്പിലെ വീഴ്ചകള്‍ പരിഹരിക്കാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുതിയ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തില്‍ വിധി പറയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
---------------
Hindusthan Samachar / Sreejith S