Enter your Email Address to subscribe to our newsletters

Thrissur, 24 ജൂലൈ (H.S.)
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തക്കേസ് അട്ടിമറിയില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടിയെടുത്തത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത് ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ്. അന്വേഷണ റിപ്പോര്‍ട്ടാണ് പിന്നീട് സര്‍ക്കാര്‍ ഉത്തരവായി പുറത്ത് വരുന്നതെന്നും തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം അധികാര ദുര്‍വിനിയോഗവും വഴിവിട്ടുള്ള പ്രവര്‍ത്തനവും ആര് ചെയ്താലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ശനമായ നടപടിയെടുക്കന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
' എംആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത് ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ്. ഉത്തരവില്‍ അസാധാരണമായി ഒന്നുമില്ല. അധികാര ദുര്‍വിനിയോഗം ആര് കാണിച്ചാലും അംഗീകരിക്കില്ല. കേവലം വ്യക്തികള്‍ക്കെതിരായ നടപടിയല്ല. അന്വേഷണത്തിലൂടെ തെളിയക്കപ്പെട്ടാല്‍ ശിക്ഷ നല്‍കേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. ഇത് വ്യക്തികള്‍ക്കെതിരായിട്ടുള്ളതല്ല. ' അദ്ദേഹം വ്യക്തമാക്കി.
ഇന്നാണ് എംആര് അജിത്ത് കുമാറിന്റെ സസ്‌പെന്ഷന് ഉത്തരവിറങ്ങിയത്. കേസ് അന്വേഷണത്തില് അജിത്കുമാര് ഇടപെട്ടു എന്ന് സസ്‌പെന്ഷന് ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ ഉത്തരവില് അജിത്കുമാറിന്റെ വീഴ്ചകള് എണ്ണിപ്പറഞ്ഞിട്ടുണ്ട്. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. റിപ്പോര്ട്ട് തുടര്‌നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖര് ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചര്ച്ച ചെയ്ത ശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പിണറായി വിജയന്റെ ഗണ്മാന്മാരെ രക്ഷിക്കാനാണ് അജിത്കുമാര് ഇടപെട്ടു. എഡിജിപിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴികള് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. അധികാരദുര്വിനിയോഗമാണ് നടന്നതെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്ഡ് ചെയ്യുമ്പോള് ഇത്തരത്തില് വീഴ്ചകള് എണ്ണിപ്പറഞ്ഞുള്ള ഉത്തരവ് അസാധാരണമാണ്. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ കെ.എസ്,യു യൂത്ത് കോണ്ഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന് അജിത്കുമാര് ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുറ്റം ചെയ്‌തെന്നു തെളിഞ്ഞാല് കര്ശന നടപടി വേണമെന്നാണു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട്. സസ്‌പെന്ഷന് ഉണ്ടായതിനാല് ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തില് പ്രശ്‌നങ്ങളുണ്ടാകും. അഗ്‌നിരക്ഷാസേനാ മേധാവി നിതിന് അഗര്വാള് ഈ മാസം 31ന് വിരമിക്കും.
കേസ് അട്ടിമറിക്കാന് ഇടപെട്ടെന്നു പറയുന്ന സമയത്ത് താന് മുണ്ടക്കൈ ചൂരല്മല ദുരന്തത്തിലെ രക്ഷാപ്രവര്ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നല്കിയ വിശദീകരണത്തില് അജിത്കുമാര് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറി. കേസ് ഡയറി തിരുത്താന് ഓഫിസിലെ ഗ്രേഡ് എസ്‌ഐമാര്ക്കു നിര്‌ദേശം നല്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എം.ആര്.അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില് ഒരു കാലതാമസവും വന്നിട്ടില്ലെന്നും അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്കാന് മനഃപൂര്വം നടപടി വൈകിപ്പിക്കുകയാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശന് അഭിപ്രായപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S