Enter your Email Address to subscribe to our newsletters

Bengaluru, 24 ജൂലൈ (H.S.)
ഐഎസഐസ് റിക്രൂട്ട് കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇഡി. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഫണ്ട് നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് നഗരത്തിലെ എട്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പരിശോധനയില്‍ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കൊപ്പം 7.50 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ജൂലൈ 21, 22 തീയതികളിലായി ഇക്ര വെല്‍ഫെയര്‍ ട്രസ്റ്റ്, ഗൈഡന്‍സ് ഫോര്‍ മാന്‍കൈന്‍ഡ് ട്രസ്റ്റ് എന്നിവയുടെ ഓഫിസുകളിലും ഇവരുമായി ബന്ധമുള്ള വ്യക്തികളുടെ കേന്ദ്രങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. വിദേശ പണമിടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് (പിഎംഎല്‍എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്‍ഐഎ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിന്റെ (എഫ്‌ഐആര്‍) അടിസ്ഥാനത്തിലാണ് ഇഡി നടപടികള്‍ ഊര്‍ജിതമാക്കിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നടക്കം വന്‍തോതില്‍ ഫണ്ട് ഒഴുകിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായ ഡോ. അബ്ദുര്‍ റഹ്‌മാനെ ഐഎസിന് വേണ്ടി പ്രവര്‍ത്തിച്ചതിന് 2020ല്‍ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്ര വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന വ്യവസായി ഇര്‍ഫാന്‍ നാസിറിനെയും മറ്റ് മൂന്ന് പേരെയും 2021ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത്.
സ്വകാര്യ കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായ അബ്ദുല്‍ അഹമ്മദ് കേദാര്‍, ബെംഗളൂരുവിലെ കിംസ് ആശുപത്രിയിലെ ഡോക്ടറായ മുഹമ്മദ് തഖി മുഹമ്മദ്, ഐടി പ്രൊഫഷണലായ ജുഹാബ് ഹമീദ് ഷക്കീല്‍ മുന്നാന എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ശിഹാബ് ഒളിവിലാണ്. ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. യുഎപിഎയിലെ 17, 18, 18 ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുക, ഗൂഢാലോചന നടത്തുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രതികള്‍ വിവിധ സംഘടനകള്‍ രൂപീകരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മുസ്ലിം യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഇവര്‍ ഖുര്‍ആന്‍ പഠന ക്ലാസുകളും ഇക്ര ക്യാമ്പ് പോലുള്ള ശില്‍പശാലകളും സംഘടിപ്പിച്ചു. ഇതിനുപുറമെ, യുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഐഎസില്‍ ചേരുന്നതിനായി തുര്‍ക്കി വഴി സിറിയയിലേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S