Enter your Email Address to subscribe to our newsletters

New delhi, 24 ജൂലൈ (H.S.)
പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും. തിങ്കളാഴ്ച ഈ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് വിഷയം ഉന്നയിച്ചത്. കേസിന്റെ ഗൗരവവും അടിയന്തര പ്രാധാന്യവും വ്യക്തമാക്കിയ അദ്ദേഹം പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള രണ്ട് ഹര്‍ജികള്‍ ഔദ്യോഗികമായി ഫയല്‍ചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു.
വാദങ്ങള്‍ കേട്ട ചീഫ് ജസ്റ്റിസ്, ഹര്‍ജി ലിസ്റ്റ് ചെയ്യട്ടെ, ഞങ്ങള്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കി. ഗോപാല്‍ ശങ്കരനാരായണന്‍ വിഷയം വീണ്ടും അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, തിങ്കളാഴ്ചത്തേക്ക് ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.
ജന്തര്‍ മന്ദറില്‍ കോക്ക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജി ജൂലായ് 22-ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. അന്നുതന്നെ, പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പോലീസിന്റെ മറുപടി തേടുകയും ചെയ്തിരുന്നു.
അതിനിടെ ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് ഡല്‍ഹി പോലീസിന്റെ നിര്‍ണ്ണായക നടപടി. പ്രതിഷേധത്തിലേക്ക് ക്രിമനലുകള്‍ നുഴഞ്ഞു കയറാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി എഫ്ആര്‍എസ് സംവിധാനം സ്ഥാപിച്ചു.
പ്രതിഷേധ വേദിയുടെ പ്രധാന പ്രവേശന, എക്സിറ്റ് പോയിന്റുകളിലാണ് എഫ് ആര്‍ എസ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൂരെ നിന്നുപോലും മുഖചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളായ ഇവ ഡല്‍ഹി പൊലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. പ്രകടനങ്ങള്‍ക്കിടയില്‍ ക്രമസമാധാനം പാലിക്കുന്നതിനും അക്രമങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായാണ് ഹൈടെക്ക് ക്യാമറകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഫ് ആര്‍ എസ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
എഫ്ആര്‍എസ് സാധാരണ പ്രതിഷേധക്കാരെ ലക്ഷ്യമിടുന്നില്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രതിഷേധത്തില്‍ നുഴഞ്ഞുകയറി ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും തിരിച്ചറിയുന്നതിനാണ് ഈ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ തത്സമയം നിരീക്ഷിക്കും. അന്വേഷണ പരിധിയിലോ ഒളിവില്‍ പോയവരോ ആയ കുറ്റവാളിയുടെ ഐഡന്റിറ്റിയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു.
ഇത്തരം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ ബന്ധപ്പെട്ട പൊലീസ് യൂണിറ്റിനെ ഉടന്‍ അറിയിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അവരെ കൈയ്യോടെ പിടികൂടാന്‍ സഹായകമാകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. പ്രതിരോധത്തിനും അന്വേഷണത്തിനുമുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറാനും ശല്യമുണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിച്ചേക്കാവുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഇത് സഹായിക്കും.
---------------
Hindusthan Samachar / Sreejith S