Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ജൂലൈ (H.S.)
തിരുവനന്തപുരം: പ്രമുഖ ഹെൽത്ത് ടെക്നോളജി കമ്പനിയായ 'കോറോ ഹെൽത്ത്' (CorroHealth) കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ച് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ആശ്വാസ തീരുമാനവുമായി സംസ്ഥാന സർക്കാർ. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് പിരിച്ചുവിടൽ ആനുകൂല്യമായി (Severance Package) അഞ്ച് മാസത്തെ ശമ്പളം കൂടി നൽകാൻ തിരുവനന്തപുരത്ത് വെച്ച് നടന്ന ചർച്ചയിൽ ധാരണയായി.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെയും തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെയും അധ്യക്ഷതയിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സിൽ ചേർന്ന ഉന്നതതല മധ്യസ്ഥ ചർച്ചയിലാണ് നിർണായകമായ ഈ തീർപ്പുണ്ടായത്. പുതിയ ധാരണയോടെ ജീവനക്കാർക്ക് മുൻപ് ലഭിച്ച രണ്ടുമാസത്തെ ശമ്പളത്തിന് പുറമെ അഞ്ചുമാസത്തെ തുക കൂടി അധികമായി ലഭിക്കും. ഇതോടെ പിരിച്ചുവിടപ്പെട്ടവർക്ക് ആകെ ഏഴുമാസത്തെ വേതനം ആനുകൂല്യമായി ലഭിക്കും.
ആശ്വാസമായി 7 മാസത്തെ പാക്കേജ്
കൊച്ചി, കോഴിക്കോട് സെന്ററുകളിൽ നിന്നായി എണ്ണൂറിലധികം ജീവനക്കാരെയാണ് കമ്പനി പെട്ടെന്ന് പിരിച്ചുവിട്ടത്. മുൻകൂട്ടി അറിയിക്കാതെ ഓഫീസ് പൂട്ടി ജീവനക്കാരെ ഒഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് ജീവനക്കാർക്ക് കമ്പനി രണ്ട് മാസത്തെ ശമ്പളം അവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയിരുന്നെങ്കിലും, പെട്ടെന്നുണ്ടായ തൊഴിൽ നഷ്ടത്തിൽ ഇത് പര്യാപ്തമല്ലെന്ന് കാണിച്ച് ജീവനക്കാരും തൊഴിലാളി സംഘടനകളും സമരം തുടർന്നു.
വിഷയത്തിൽ ശക്തമായ നിലപാടെടുത്ത സംസ്ഥാന തൊഴിൽ വകുപ്പ് കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായി തുടർച്ചയായ ചർച്ചകൾ നടത്തി. ഇതോടെയാണ് അഞ്ച് മാസത്തെ ഗ്രാസ് ശമ്പളം കൂടി ജീവനക്കാർക്ക് നൽകാൻ മാനേജ്മെന്റ് ഒടുവിൽ തയ്യാറായത്.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
-
ആനുകൂല്യ തുക വിതരണം: അഞ്ച് മാസത്തെ അധിക ശമ്പള തുക ഉടനടി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും.
-
രേഖകൾ കൈമാറും: പുതിയ ജോലി തേടുന്നതിന് തടസ്സമാകാത്ത രീതിയിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റർ, ഫോം 16 മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ തടസ്സമില്ലാതെ വേഗത്തിൽ നൽകും.
-
ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ: ജീവനക്കാർ പുതിയ കമ്പനികളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ പശ്ചാത്തല പരിശോധനകളിൽ (Background Verification) പൂർണ്ണ പിന്തുണ ഉറപ്പാക്കും.
കേരളത്തിൽ കൂടുതൽ തങ്ങളടെ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാൻ സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ ഉണ്ടെന്ന് കമ്പനി ചർച്ചയിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ മറ്റ് സെന്ററുകളിലേക്ക് മാറ്റാമെന്ന നിർദേശം ഉയർന്നെങ്കിലും തൊഴിൽ സുരക്ഷ ഉറപ്പില്ലാത്തതിനാൽ അത് നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ് വൻ തുക നഷ്ടപരിഹാരമായി നൽകി വിഷയം സമവായത്തിലെത്തിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ സർക്കാരും ജനപ്രതിനിധികളും ചേർന്ന് അനുകൂലമായ തീരുമാനം ഉണ്ടാക്കിയെടുത്തത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റ് കമ്പനികളിൽ പുതിയ ജോലി കണ്ടെത്തി നൽകാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
---------------
Hindusthan Samachar / Roshith K