അനുമതിയില്ലാതെ കോടതി നപടിക്രമങ്ങള് പ്രചരിപ്പിക്കരുത്; നിര്ദ്ദേശം നല്കി സുപ്രീം കോടതി
New delhi, 24 ജൂലൈ (H.S.) കോടതി നടപടികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതികളുടെ രജിസ്ട്രാര്‍ ജനറല്‍മാരുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദ
Supreme Court


New delhi, 24 ജൂലൈ (H.S.)

കോടതി നടപടികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതികളുടെ രജിസ്ട്രാര്‍ ജനറല്‍മാരുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ പോസ്റ്റ് ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ അപ്ലോഡ് ചെയ്യുകയോ പാടില്ലെന്ന് ഉത്തരവിട്ടു.

കോടതി നടപടികളുടെ തത്സമയ സംപ്രേഷണവും (ലൈവ് സ്ട്രീമിംഗ്) അവയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരായ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും മറ്റുള്ളവരോടും കോടതി പ്രതികരണം തേടി. മാധ്യമപ്രവര്‍ത്തക ഹര്‍ഷിത ഗ്രോവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്ന പലപ്പോഴും സന്ദര്‍ഭത്തിന് പുറത്തുള്ളതും പണമുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതുമായ കോടതി നടപടികളുടെ ഓഡിയോ വിഷ്വല്‍ റെക്കോര്‍ഡിംഗുകളുടെ ക്ലിപ്പിംഗ്, എഡിറ്റിംഗ്, വാണിജ്യപരമായ ചൂഷണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോടതികള്‍ നടപടിക്രമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതിനുശേഷം വാദം കേള്‍ക്കലുകളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിടുന്നുണ്ട്.

'ഒരു ഇടക്കാല നടപടിയെന്ന നിലയില്‍, ഈ കോടതിയുടെ സെക്രട്ടറി ജനറലിന്റെയോ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാര്‍ ജനറലിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ, ജുഡീഷ്യല്‍ നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ വേര്‍തിരിച്ചെടുക്കുകയോ (extraction), മാറ്റം വരുത്തുകയോ, പ്രചരിപ്പിക്കുകയോ, പോസ്റ്റ് ചെയ്യുകയോ, റീപോസ്റ്റ് ചെയ്യുകയോ, അപ്ലോഡ് ചെയ്യുകയോ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്നു,' ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ്, സോഷ്യല്‍ മീഡിയയിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും കോടതി നടപടികളുടെ വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്ന വിഷയം ചൂണ്ടിക്കാട്ടി. സിംഗിന്റെ വാദത്തോട് യോജിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഡാറ്റ നിയന്ത്രിക്കുന്നത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.

കോടതി നടപടികളുടെ നിയമാനുസൃത വാര്‍ത്താ റിപ്പോര്‍ട്ടിംഗിനെ ഇടക്കാല വിലക്ക് തടസപ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും, എല്ലാ ഹൈക്കോടതികള്‍ക്കും, മെറ്റാ, എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News