ഹിമാചല് പ്രദേശില് മണ്ണിടിച്ചില്; 13 പേര്ക്ക് ദാരുണാന്ത്യം
Shimla, 24 ജൂലൈ (H.S.) ഹിമാചല്‍ പ്രദേശില്‍ വന്‍ദുരന്തമായി മണ്ണിടിച്ചില്‍. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കുന്നിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മലയില്‍ നിന്ന് വാഹനങ്ങളുടെ മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീഴുകയായിരുന്നു. 13 പേര്‍ മരിച്
accident


Shimla, 24 ജൂലൈ (H.S.)

ഹിമാചല്‍ പ്രദേശില്‍ വന്‍ദുരന്തമായി മണ്ണിടിച്ചില്‍. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കുന്നിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മലയില്‍ നിന്ന് വാഹനങ്ങളുടെ മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീഴുകയായിരുന്നു. 13 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. ടാക്സിയില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പംഗി-ഉദയ്പൂര്‍ റോഡിലാണ് അപകടം.കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഉഗ്ര ശബ്ദത്തോടെ പാറക്കല്ലുകള്‍ അടക്കം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. HP01M2210 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഡ്രൈവര്‍ അടക്കം 13 പേരാണ് മരിച്ചതെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എസ്പി ശിവാനി മെഹ്ല അറിയിച്ചു

കൂറ്റന്‍ പാറയാണ് ടാറ്റ സുമോയ്ക്ക് മുകളിലേക്ക് വീണത്. വാഹനം പൂര്‍ണമായും നശിച്ച നിലയിലാണ്. അപകടത്തില്‍ വാഹനം പൂര്‍ണമായും മണ്ണിനടിയിലാവുകയും യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ഒന്നിന് പുറകെ ഒന്നായി പാറകള്‍ വീണുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. പലരും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ചംബ, ലാഹൗള്‍-സ്പിതി ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം നടന്നത്. ചമ്പയിലെ ഭര്‍മൗര്‍ എംഎല്‍എ ഡോ.ജങ്കരാജാണ് അപകടത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മരണ വിവരം സ്ഥിരീകരിച്ചത്.

മരിച്ചവരെല്ലാം ചമ്പ ജില്ലയിലെ പാംഗി താഴ്വരയില്‍ നിന്നുള്ളവരാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചമ്പ, ലഹോള്‍-സ്പിതി ജില്ലാ ഭരണകൂടങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പൊലീസും ഫയര്‍ഫോഴ്സും ഇതിനോടകം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം അപകടം നടന്ന സ്ഥലം ദൂരെയാണ്. സിഗ്‌നല്‍ ലഭിക്കാന്‍ പ്രയാസമാണെന്നും ഡിസി ചംബ മുകേഷ് റെപ്‌സ്വ പറഞ്ഞു.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. അതിന് ശേഷം റോഡ് വീണ്ടും തുറന്നപ്പോഴാണ് അപകടം നടന്നത്. വാഹനത്തില്‍ 15 യാത്രികരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ റോഡ് അടച്ചിട്ടതിനെ തുടര്‍ന്ന് ഈ യാത്രാസംഘം ടിന്‍ഡിയില്‍ കുടുങ്ങിയിരുന്നു. ഇന്ന് റോഡ് തുറന്നതോടെ ഇവര്‍ പംഗി താഴ്വരയിലേക്ക് യാത്ര പുനരാരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തം സംഭവിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News