Enter your Email Address to subscribe to our newsletters

Kozhikode, 24 ജൂലൈ (H.S.)
കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ബന്ധു ദീപക്കിന് (21) പുറമെ ഇതിൽ പങ്കാളികളായ കൂട്ടാളികളെക്കൂടി ഉടൻ പിടികൂടണമെന്ന് ബിജുവിന്റെ പിതാവ് രാജൻ ആവശ്യപ്പെട്ടു. പ്രതി ലഹരി ഉപയോഗിച്ചിരുന്ന സമയത്താണെങ്കിൽ പോലും ഒറ്റയ്ക്ക് ഇത്രയും ക്രൂരമായ കൊലപാതകം നടത്താൻ കഴിയില്ലെന്ന് പിതാവ് ചൂണ്ടിക്കാട്ടി. കേസിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ പൊലീസിന്റെ ഭാഗത്തുനിന്ന് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യവും ലഹരി സംഘങ്ങളുടെ ഇടപെടലുമാണെന്ന് കുടുംബം സംശയിക്കുന്നു.ദീപക് കടുത്ത ലഹരിക്ക് അടിമയായിരുന്നു.മുൻപും ഇയാൾ ബിജുവിനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ദീപക്കിന്റെ ലഹരി ഉപയോഗം പരിധിവിട്ടപ്പോൾ ഇയാളെ നിർബന്ധപൂർവം ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ മുൻകൈയെടുത്ത് കൂടെപ്പോയത് ബിജുവായിരുന്നു.ഇതിലുള്ള കടുത്ത പകയാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരണം.
കേസിൽ തെളിവെടുപ്പിനുമായി കോടതി മൂന്നു ദിവസത്തേക്കാണ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്. കസ്റ്റഡി കാലാവധി ആരംഭിച്ചതോടെ വെള്ളിയാഴ്ച പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് വിപുലമായ തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനും ഗൂഢാലോചനയിൽ മറ്റു ആർക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
- സംഭവം: 2026 ജൂലൈ 19 ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കറക്കാൻ വിളിക്കാൻ എത്തിയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്.
-
- ക്രൂരത: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ബിജുവിന്റെ ശരീരത്തിൽ 45-ഓളം മുറിവുകൾ ഉണ്ടായിരുന്നു. ഇതിൽ 18 കുത്തുകൾ കഴുത്തിലായിരുന്നു. കിച്ചൺ നൈഫ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കരൾ രോഗം ബാധിച്ച് കിടപ്പിലായിരുന്ന ബിജുവിനെ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി ആക്രമിച്ചത്
സംഭവദിവസം പുലർച്ചെയോടെയാണ് ബിജുവിനെ സ്വന്തം വീട്ടിനുള്ളിൽ കഴുത്തറുത്തും മാരകമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദീപക് പിടിയിലാകുന്നത്.എന്നാൽ ക്രൂരമായ ആക്രമണമാണ് നടന്നതെന്നതിനാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജുവിന്റെ കുടുംബം.
---------------
Hindusthan Samachar / Roshith K