Enter your Email Address to subscribe to our newsletters

Perinthalmanna , 24 ജൂലൈ (H.S.)
പെരിന്തൽമണ്ണ: മലബാറിലെ മലയോര മേഖലയുടെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ദക്ഷിണ റെയിൽവേ. ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മുഴുവൻ സ്റ്റേഷനുകളിലും 24 ബോഗികളുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾക്ക് എളുപ്പത്തിൽ നിർത്തിയിടാൻ സാധിക്കുന്ന രീതിയിൽ പ്ലാറ്റ്ഫോമുകൾ വിപുലീകരിക്കാനുള്ള പദ്ധതികൾ സജീവമാകുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റെയിൽവേ പദ്ധതി തയ്യാറാക്കുകയും ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഈ പാതയിൽ ഏറ്റവും കൂടുതൽ നീളമുള്ള പ്ലാറ്റ്ഫോമുകൾ സ്ഥിതി ചെയ്യുന്നത് നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം എന്നീ പ്രധാന സ്റ്റേഷനുകളിലാണ്. 702 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്ഫോമുകളിലായി നിലമ്പൂരിലും 691 മീറ്ററിൽ അങ്ങാടിപ്പുറത്തും 675 മീറ്ററിൽ വാണിയമ്പലത്തുമാണ് നിലവിലുള്ള പ്ലാറ്റ്ഫോമുകൾ. എന്നാൽ ദീർഘദൂര സർവീസുകളും കൂടുതൽ കോച്ചുകളുള്ള ട്രെയിനുകളും അനുവദിക്കണമെങ്കിൽ എല്ലാ പ്രധാന സ്റ്റേഷനുകളിലും 24 ബോഗികൾ നിർത്തിയിടാനുള്ള സാങ്കേതിക സൗകര്യവും പ്ലാറ്റ്ഫോം നീളവും അത്യാവശ്യമാണ്. ഈ തടസ്സം പൂർണ്ണമായി പരിഹരിക്കാനാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ വേഗത കൂട്ടിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കോടികളുടെ വികസന നവീകരണ പ്രവൃത്തികളാണ് വിവിധ സ്റ്റേഷനുകളിൽ നടപ്പിലാക്കിവരുന്നത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ 10.51 കോടി രൂപയുടെ നവീകരണമാണ് പ്ലാൻ ചെയ്തിട്ടുള്ളത്. നിലവിൽ അങ്ങാടിപ്പുറത്ത് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ 16 കോച്ചുകളും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ 14 കോച്ചുകളും നിർത്തിയിടാനുള്ള സൗകര്യമാണുള്ളത്. ഇത് കൂടുതൽ വിപുലീകരിച്ച് 24 ബോഗികൾ നിർത്തിയിടാൻ പാകത്തിൽ ഉയർത്തും. സമാനമായി വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ 6.83 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ, പാതയിലെ പുതിയ ക്രോസിങ് സ്റ്റേഷനുകളായി സജ്ജമാകുന്ന കുലുക്കല്ലൂരിലും മേലാറ്റൂരിലും നിർമ്മാണ ഘട്ടത്തിൽ തന്നെ 24 ബോഗികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് പ്ലാറ്റ്ഫോമുകൾ ക്രമീകരിക്കുന്നത്.
ഷൊർണൂർ–നിലമ്പൂർ റൂട്ടിലെ മുഴുവൻ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ശേഷി 24 ബോഗികളിലേക്ക് വികസിപ്പിക്കുന്നതോടെ നിലമ്പൂരിൽ നിന്ന് കൂടുതൽ പുതിയ എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുന്നതിനും ദീർഘദൂര ട്രെയിനുകൾ ഇങ്ങോട്ട് നീട്ടുന്നതിനും ഉള്ള തടസ്സങ്ങൾ മാറും. മലപ്പുറം, പാലക്കാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാനും മലയോര മേഖലയുടെ സമഗ്ര റെയിൽവേ വികസനത്തിനും ഈ പ്ലാറ്റ്ഫോം വിപുലീകരണം വലിയ തോതിൽ സഹായകമാകും. ടെൻഡർ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ ജോലികൾ വേഗത്തിൽ നടപ്പിലാക്കും.
---------------
Hindusthan Samachar / Roshith K