Enter your Email Address to subscribe to our newsletters

Kochi, 24 ജൂലൈ (H.S.)
ച്ചി: നിരക്ക് വർധനവിലും തൊഴിൽ വ്യവസ്ഥകളിലും മാനേജ്മെന്റുമായി നടന്നു വന്ന ചർച്ചകൾ പൂർണമായി പരാജയപ്പെട്ടതിനെ തുടർന്ന് യൂബർ (Uber) ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം. ഇന്ന് മുതൽ യൂബർ പ്ലാറ്റ്ഫോം പൂർണമായും ഒഴിവാക്കി, മറ്റ് ഓൺലൈൻ ടാക്സി ആപ്പുകൾ മുഖേന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.
തൊഴിലാളികളുടെ ന്യായമായ അടിസ്ഥാന നിരക്കുകൾ ഉറപ്പാക്കുക, ഡ്രൈവർ സൗഹൃദപരമായ തൊഴിൽ അന്തരീക്ഷവും നിലപാടുകളും സ്വീകരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാർ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. നിലവിലെ ഇന്ധനവില വർധനവും വാഹനം പരിപാലിക്കുന്നതിനുള്ള ചെലവുകളും കണക്കിലെടുക്കുമ്പോൾ കമ്പനി നൽകുന്ന കിലോമീറ്റർ നിരക്ക് തികച്ചും അപര്യാപ്തമാണെന്നാണ് തൊഴിലാളികളുടെ പരാതി. ഇതിനുപുറമേ ഉയർന്ന കമ്മീഷൻ നിരക്കുകൾ ഈടാക്കുന്നത് ഡ്രൈവർമാരെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ചൊവ്വാഴ്ച കൊച്ചിയിൽ വെച്ചാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികളും യൂബർ മാനേജ്മെന്റും തമ്മിൽ നിർണായകമായ ചർച്ച നടന്നത്. ഡ്രൈവർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കമ്പനി അധികൃതർ തയ്യാറാകാതിരുന്നതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. മാനേജ്മെന്റിന്റെ പിടിവാശി നിറഞ്ഞ സമീപനമാണ് ചർച്ച പരാജയപ്പെടാൻ കാരണമായതെന്ന് ഡ്രൈവർ സംഘടനകൾ ആരോപിച്ചു.
ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്ന് യൂബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഡ്രൈവർമാർ ഐക്യകണ്ഠേന തീരുമാനമെടുത്തത്. പ്ലാറ്റ്ഫോം ബഹിഷ്കരിച്ചെങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മറ്റ് ടാക്സി ആപ്പുകൾ (ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയവ) വഴി സർവീസുകൾ ലഭ്യമാക്കാനാണ് തീരുമാനം. യാത്രക്കാർ മറ്റ് ഓൺലൈൻ ആപ്പുകൾ വഴി ബുക്കിംഗുകൾ നടത്തി സഹകരിക്കണമെന്ന് ഡ്രൈവർമാരുടെ കൂട്ടായ്മ അഭ്യർത്ഥിച്ചു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനി നയങ്ങൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ബഹിഷ്കരണമെന്ന് നേതാക്കൾ വ്യക്തമാക്കി. ന്യായമായ കിലോമീറ്റർ നിരക്കുകളും മാന്യമായ തൊഴിൽ സാഹചര്യങ്ങളും അനുവദിക്കുന്നത് വരെ യൂബർ ആപ്പിലേക്ക് മടങ്ങിയെത്തില്ലെന്ന കടുത്ത നിലപാടിലാണ് ഡ്രൈവർമാർ. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനും മറ്റ് ജില്ലകളിലേക്കും ബഹിഷ്കരണം വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
---------------
Hindusthan Samachar / Roshith K