കേരളത്തില് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്.
Kottayam , 25 ജൂലൈ (H.S.) കേരളത്തില് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. കായകല്പ്പം ജനസമ്പർക്ക പരിപാടിയില് സംസ
K Muralidharan


Kottayam , 25 ജൂലൈ (H.S.)

കേരളത്തില് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. കായകല്പ്പം ജനസമ്പർക്ക പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളൂരില് 700 ഏക്കല് സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎല്എ കെ. ബിനിമോന് അറിയിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്ര സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല് കോളജിന്റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്ക്കാരിന്റെ നിലപാട്-അദ്ദേഹം വ്യക്തമാക്കി.

സര്ക്കാര് ആശുപത്രികളില് റോബോട്ടിക് സര്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാല് ഈ സംവിധാനം ഏര്പ്പെടുത്താനാകുമെന്നാണ് മനസിലാകന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ജനപ്രതിനിധികള് നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല്പ്പം. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയില് ആവശ്യമായ ഇടപെടലുകള് സംബന്ധിച്ച് മാധ്യമങ്ങള് ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കിടത്തി ചികിത്സ ഉറപ്പാക്കും

രോഗികളെ നിലത്ത് കിടത്തുന്ന രീതി കോട്ടയം മെഡിക്കല് കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. ജൂലൈ 30 മുതല് ഇവിടെ എല്ലാ രോഗികള്ക്കും കിടക്ക ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയം സിഎംഎസ് കോളജില് കായകല്പ്പം ജനസമ്പര്ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല് കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം മെഡിക്കല് കോളജില് ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയില് എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സര്ക്കാര് ആശുപത്രികളില് സൗകര്യങ്ങള് വര്ധിപ്പിക്കേണ്ടതുണ്ട്. അതിന് സര്ക്കാര് നടപടി സ്വീകരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് മുതലുള്ള സര്ക്കാര് ആശുപത്രികളിലെ സൗകര്യങ്ങള് വര്ധിപ്പിച്ചാല് മെഡിക്കല് കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉള്പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ആളുകള് മെഡിക്കല് കോളജ് ആശുപത്രികളില് എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാന് കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തില് ഉണ്ടാകണം മന്ത്രി പറഞ്ഞു.

കേരളത്തിലെ മെഡിക്കല് കോളജുകളുടെ എണ്ണം വര്ധിപ്പിച്ചത് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്ക്കാരിൻ്റെ കാലത്താണെന്നും ആരോഗ്യ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ചുള്ള ആദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകള് കൂടി കണക്കിലെടുത്തുകൊണ്ടാണ് വകുപ്പിൻ്റെ പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 30 കോടി രൂപയുടെ കാൻസർ ചികിത്സാ സംവിധാനം കോട്ടയം മെഡിക്കൽ കോളജിൽ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില് മന്ത്രി നടത്തിയ മറ്റു പ്രധാന പ്രഖ്യാപനങ്ങള്

🔹കോട്ടയം മെഡിക്കല് കോളജില് കാന്സര് ചികിത്സയ്ക്ക് മെഡിക്കല് ലീനിയര് ആക്സിലറേറ്റര് യന്ത്രം അനുവദിക്കും.

🔹പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന് ചാണ്ടിയുടെ പേര് നല്കും. ഇവിടെ കൂടുതല് ജീവനക്കാരെ നിയമിച്ച് പ്രവര്ത്തനം കാര്യക്ഷമമാക്കും.

🔹ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.

🔹വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാക്കും.

🔹ഉഴൂവൂര് കെ.ആര്. നാരായണന് മെമ്മോറിയല് സ്പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയില് പേ വാര്ഡ് സജ്ജീകരിക്കും.

🔹സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയില് ഉള്പ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര്മിക്കും.

🔹പുതിയ ആശുപത്രികള്ക്കും നിലവിലെ ആശുപത്രികളില് പുതിയ കെട്ടിടങ്ങള് നിര്മിക്കുന്നതിനും തറക്കല്ലിടുമ്പോള് നിര്മാണം സമയബന്ധിതമായി പൂര്ത്തിരിച്ച് പൂര്ണതോതില് പ്രവര്ത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കും..സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

🔹സ്ഥലം ലഭ്യമാക്കിയാല് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് പുതുപ്പള്ളി പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്മ്മിക്കും.

കായകല്പ്പം കേരളത്തിൻ്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പ്- തിരുവഞ്ചൂര് രാധാകൃഷ്ണന്

കേരളത്തിൻ്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് നടത്തുന്ന കായകല്പ്പം ജനസമ്പര്ക്ക പരിപാടിയെന്ന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം സിഎംഎസ്. കോളജില് കോട്ടയം ജില്ലയിലെ കായല്പ്പം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ഒരുപാട് മുന്നേറ്റങ്ങള് നടത്തിയെങ്കിലും ലോകത്തെ ഏതു കോണിലുമുണ്ടാകുന്ന പുതിയ രോഗങ്ങള് കാലതാമസമില്ലാതെ നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇത്തരം പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന് തക്കവിധം ആരോഗ്യവകുപ്പിനെ പര്യാപ്തമാക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്ത്തനങ്ങളില് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണ്ടതുണ്ട്-സ്പീക്കര് കൂട്ടിച്ചേര്ത്തു.

ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില് പൊതുജനാഭിപ്രായവും നിര്ദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കായകല്പ്പം ജനസമ്പര്ക്ക പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് ആധ്യക്ഷത വഹിച്ചു. ജലവിഭവ-ഭവന നിര്മാണ വകുപ്പ് മന്ത്രി മോന്സ് ജോസഫ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എം പി, എം.എല്.എമാരായ മാണി സി. കാപ്പന്, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്, കെ. ബിനിമോന്, റോണി കെ. ബേബി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷന് എം.പി. സന്തോഷ്കുമാര്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഷര്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര് ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ,ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എന്. പ്രിയ എന്നിവര് പ്രസംഗിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News