Enter your Email Address to subscribe to our newsletters

Bangalore , 25 ജൂലൈ (H.S.)
കമ്മീഷൻ തുകയ്ക്ക് പകരം സൈബർ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയ കേസിൽ മലയാളി കരാറുകാരൻ ബെംഗളൂരുവിൽ പിടിയിലായി. കൊല്ലം സ്വദേശിയായ അജയനെയാണ് ബെംഗളൂരു സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് അജയനെന്ന് പൊലീസ് വ്യക്തമാക്കി.
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന ദുബായ് കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് ഇയാൾ വ്യാജ, വാടക ബാങ്ക് അക്കൗണ്ടുകളുടെ (മ്യൂൾ അക്കൗണ്ടുകൾ) വിവരങ്ങൾ കൈമാറിയിരുന്നത്. ഇതിന് പകരമായി വൻ തുക കമ്മിഷനായി കൈപ്പറ്റുകയായിരുന്നു. ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ ഇരകളിൽ നിന്ന് തട്ടിയെടുക്കുന്ന പണം ആദ്യം ഇത്തരം വാടക അക്കൗണ്ടുകളിലേക്കാണ് എത്തുന്നതെന്നും, പിന്നീട് ഇത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു തട്ടിപ്പുകാരുടെ രീതി എന്നും പൊലീസ് പറഞ്ഞു.
സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പണത്തിന്റെ ഉറവിടവും ഇടപാടുകളും പരിശോധിച്ചപ്പോഴാണ് കേസിൽ അജയന്റെ പങ്ക് വ്യക്തമായത്. ഇയാളുടെ അക്കൗണ്ടിലൂടെ കോടികളുടെ നിക്ഷേപവും പണമിടപാടുകളും നടന്നതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.
ചോദ്യം ചെയ്യലിൽ ദുബായിയിലിരുന്നാണ് പ്രധാന പ്രതികൾ ഈ തട്ടിപ്പ് ഏകോപിപ്പിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സൈബർ ക്രൈം പൊലീസ് അറിയിച്ചു
അതേസമയം, അടുത്തിടെയാണ് മ്യാൻമറിലെ ചൈനീസ് ക്രിമിനൽ സംഘങ്ങളുടെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ അകപ്പെട്ട രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയത്. കർണാടക സ്വദേശികളെയാണ് ഇന്ത്യൻ അധികൃതർ അദ്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. തൊഴിൽ വാഗ്ദാനം ചെയ്തും മറ്റുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കർണാടക സൈബർ കമാൻഡ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, മ്യാൻമറിലെ ഇന്ത്യൻ എംബസി തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് യുവാക്കളെ തട്ടിപ്പ് സംഘത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എൻഫോഴ്സ്മെൻ്റ് ഡയറക്ടർ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കർണാടക സൈബർ കമാൻഡ് ഉടനടി ഇടപെടുകയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും എംബസിയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു എന്ന് കർണാടക സൈബർ കമാൻഡ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രണബ് മൊഹന്തി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR