Enter your Email Address to subscribe to our newsletters

Kerala, 25 ജൂലൈ (H.S.)
എക്സാലോജിക് കമ്പനി ഉടമയായിരുന്ന വീണ വിജയന് പണം നൽകിയത് പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനോടുള്ള അടുപ്പം കാരണമാണെന്ന സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി തള്ളി പിണറായി വിജയൻ. ആരോപണങ്ങൾ പൂർണമായും മാധ്യമ സൃഷ്ടിയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം പുറത്തുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾക്കെതിരെ വിമർശനം
സിപിഎം നേതാവ് പി.കെ ശ്രീമതിയെക്കുറിച്ച് മുൻപ് വന്ന വ്യാജ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയൻ്റെ മറുപടി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ശശിധരൻ കർത്ത നൽകിയ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇവിടെയുള്ള മാധ്യമങ്ങളിലല്ലേ പി.കെ ശ്രീമതിയുടെ വാർത്ത വന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുചോദ്യം. ആ വാർത്ത വന്നിട്ട് ഒടുവിൽ എന്തായെന്നും ഇതെല്ലാം മാധ്യമങ്ങൾ സൃഷ്ടിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്തെല്ലാം കാര്യങ്ങൾ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു, ഇനിയും നോക്കൂ, രേഖകളെല്ലാം പുറത്തുവരട്ടെ, എങ്ങനെയെങ്കിലും തന്നിലേക്ക് കാര്യങ്ങൾ എത്തിക്കാനല്ലേ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എന്തൊക്കെ നേരിട്ടതാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ആവർത്തിച്ച് ചോദ്യമുയർന്നപ്പോൾ, 'കമല ഇൻ്റർനാഷണൽ നിങ്ങൾ വിട്ടോ' എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
വീണ വിജയന് തിരിച്ചടി
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയന് കനത്ത തിരിച്ചടിയായാണ് ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നിരിക്കുന്നത്. വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സിഎംആർഎലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, പിണറായി വിജയനോടുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് പണം നൽകിയതെന്നുമാണ് കർത്തയുടെ വെളിപ്പെടുത്തൽ. 2024 ഏപ്രിൽ 24ന് ഇ.ഡിക്ക് മുന്നിൽ നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൻ്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. നിലവിൽ എക്സാലോജിക് കമ്പനി പ്രവർത്തിക്കുന്നില്ല.
വീണ്ടും ചോദ്യം ചെയ്തേക്കും
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളിൽ തനിക്ക് യാതൊരു മനസ്സറിവുമില്ലെന്നാണ് കഴിഞ്ഞ മാസം ഇ.ഡിക്ക് വീണ വിജയൻ നൽകിയ മൊഴി. എന്നാൽ ഇതിന് കടകവിരുദ്ധമാണ് ശശിധരൻ കർത്തയുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് കേസിന് ആധാരം. ആദായ നികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലുകളെ തുടർന്നാണ് മാസപ്പടി വിവാദം ആദ്യം പുറത്തുവരുന്നത്.
പിന്നീട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) കേസ് ഏറ്റെടുക്കുകയും, ഇതിൻ്റെ ചുവടുപിടിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിപക്ഷ നേതാവിൻ്റെ മകൾ തന്നെ അന്വേഷണം നേരിടുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇ.ഡിയുടെ തുടർനടപടികൾ കേസിൽ നിർണായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR