Enter your Email Address to subscribe to our newsletters

Kollam , 25 ജൂലൈ (H.S.)
കേരളീയ പൊതുസമൂഹത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തകളാണ് പലപ്പോഴും അടഞ്ഞ വാതിലുകൾക്കുള്ളിൽ നിന്ന് പുറത്തുവരുന്നത്. കൊല്ലം കുളത്തൂപ്പുഴയിലെ റബ്ബർ പ്ലാൻ്റേഷൻ എസ്റ്റേറ്റിൽ (ആർ പി എൽ 2F കോട്ടേഴ്സ്) നിന്ന് പുറത്തുവന്ന വാർത്തയും അത്തരത്തിലൊന്നാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മരണപ്പെട്ട തൊണ്ണൂറുകാരിയായ ചിന്നത്താമയുടെ മൃതദേഹം, മാനസിക വെല്ലുവിളി നേരിടുന്ന മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസത്തോളം ആരുമറിയാതെ വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ മരണപ്പെടുന്നത്. വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയെ പരിചരിച്ചിരുന്നത് കൃഷ്ണസ്വാമി മാത്രമായിരുന്നു. അമ്മയുടെ മരണം നൽകിയ കടുത്ത ദുഃഖത്തിൽ, യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാതെയാണ് മകൻ മൃതദേഹം വെള്ളത്തുണി കൊണ്ട് മൂടി ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജകൾ ചെയ്തത്. മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ പുരട്ടുകയും ചെയ്തിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് ഈ ദാരുണമായ അവസ്ഥ പുറംലോകമറിയുന്നത്.
“അമ്മൂമ്മ മരിച്ചുപോയി” - വെളിപ്പെടുത്തി മകൻ;
കൃഷ്ണസ്വാമിയുടെ മകൾ ഇന്നലെ വൈകിട്ട് ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ചിന്നത്താമ മരണപ്പെട്ട വിവരം അറിയുന്നത്. ഉടൻതന്നെ മറ്റ് ബന്ധുക്കളെയും കുളത്തുപ്പുഴ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ദീർഘനാളായി രോഗബാധിതയായി കിടപ്പിലായിരുന്ന വയോധികയെ മകൻ കൃഷ്ണസ്വാമി മാത്രമാണ് പരിചരിച്ചിരുന്നത്. കൃഷ്ണസ്വാമിക്ക് നേരത്തെ തന്നെ ചില മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. കൃഷ്ണസ്വാമിയുടെ മകൾ വൈകിട്ട് വീട്ടിലെത്തിയപ്പോൾ 'അമ്മൂമ്മ മരിച്ചുപോയി' എന്ന് ഇയാൾ തന്നെയാണ് പറയുന്നത്. ഉള്ളിൽ കയറി നോക്കിയ മകൾ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയും എന്നെയും പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. മാനസിക പ്രശ്നങ്ങൾ മൂലമാണ് ഇത്തരമൊരു പ്രവർത്തി ഇയാൾ ചെയ്തതെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. ഇയാൾക്ക് ആവശ്യമായ മികച്ച മാനസിക ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കും. കുളത്തൂപ്പുഴ വാർഡ് മെമ്പർ ചന്ദ്രകുമാർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
കുളത്തുപ്പുഴ പൊലീസ് എത്തിപരിശോധിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള കൃഷ്ണസ്വാമി മൃതദേഹം ദിവസവും തുണി നനച്ച് തുടക്കുകയും പൗഡർ ഇടുകയും ചന്ദനത്തിരികൾ കത്തിച്ചു വെച്ച് പൂജ നടത്തുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്ന് കുളത്തുപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കുളത്തുപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജാഗ്രതക്കുറവും അയൽപക്ക ബന്ധങ്ങളുടെ തകർച്ചയും
പ്രദേശവാസിയുടെ പ്രതികരണത്തിൽ അയൽപക്ക ബന്ധങ്ങളിലെ ജാഗ്രതക്കുറവ് പ്രകടമാണ്...
കൃഷ്ണസ്വാമിയും അമ്മയും മാത്രമാണ് ആ ക്വാർട്ടേഴ്സിൽ കഴിഞ്ഞിരുന്നത്. ഇയാൾ പൊതുവെ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. മുൻപ് ആശാ വർക്കർമാരോ മറ്റ് ആരോഗ്യ പ്രവർത്തകരോ എത്തുമ്പോൾ പോലും 'എൻ്റെ അമ്മയെ ഞാൻ നോക്കിക്കൊള്ളാം' എന്ന് പറഞ്ഞ് കൃഷ്ണസ്വാമി അവരെ അകത്തേക്ക് കയറ്റി വിടാതെ മടക്കി അയയ്ക്കുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. അമ്മയോടുള്ള അമിതമായ സ്നേഹക്കൂടുതൽ കൊണ്ടും അവർ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയാത്തതുകൊണ്ടുമാകാം അവൻ ഇങ്ങനെ ചെയ്തത്.
മനശാസ്ത്രജ്ഞരുടെ നിരീക്ഷണം: ആഘാതവും ഭ്രമാത്മകാവസ്ഥയും
ഈ വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഗുരുതരമായ ചില അവസ്ഥകളാണ്:
പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിക്കുന്ന ആഘാതം കൈകാര്യം ചെയ്യാൻ പലർക്കും കഴിയാറില്ല. കടുത്ത ആത്മബന്ധമുള്ള ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന 'ഗ്രീഫ് സൈക്കോസിസ്' അല്ലെങ്കിൽ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന ഭ്രമാത്മകാവസ്ഥ ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണമാകാം. തങ്ങളുടെ പരിചരണത്തിലൂടെയോ പ്രാർത്ഥനയിലൂടെയോ അവർ തിരികെ വരുമെന്ന് ഇങ്ങനെയുള്ളവർ ശക്തമായി വിശ്വസിക്കും. കൃഷ്ണസ്വാമിയെപ്പോലെ നേരത്തെ തന്നെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളിൽ ഇത്തരം ആഘാതങ്ങൾ ചിന്താശേഷിയെ പൂർണ്ണമായി ബാധിക്കാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR