Enter your Email Address to subscribe to our newsletters

Newdelhi , 25 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭം കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഔദ്യോഗികമായി അവസാനിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും സർക്കാരുമായി നടത്തിയ വിജയകരമായ ചർച്ചകളെയുമാണ് തുടർന്ന്, ജന്തർ മന്തറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരോട് ഉടൻതന്നെ സമരം അവസാനിപ്പിച്ച് സമാധാനപരമായി മടങ്ങാൻ സി.ജെ.പി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും പങ്കെടുത്ത നിർണായക ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാനുള്ള തീരുമാനം പുറത്തുവന്നത്. സമരക്കാരുമായി ദീർഘമായ സംഭാഷണം നടത്തിയെന്നും, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചും അഞ്ചു പോയിന്റ് പരിഷ്കരണ ചാർട്ടറിനെക്കുറിച്ചും അവർ രേഖാമൂലം ആവശ്യങ്ങൾ സമർപ്പിച്ചുവെന്നും ചർച്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയതായി ജെ.പി നദ്ദ പറഞ്ഞു. കേസ് വിവരങ്ങൾ ഉൾപ്പെട്ട എഫ്.ഐ.ആറുകളുടെ പകർപ്പ് അവർക്ക് നൽകുമെന്നും നിയമപരമായ തുടർനടപടികൾ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് വിവാദത്തിൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലും അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നൽകാൻ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം കുടുംബങ്ങൾക്ക് ഉറപ്പാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ചർച്ചകൾ പൂർത്തിയായതോടെ കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിംഗും സി.ജെ.പി നേതാക്കളായ സൗരവ് ദാസുമായും അശുതോഷ് റാങ്കയുമായും പരസ്പരം കൈകൊടുത്ത് സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്തു. തങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം പിൻവലിക്കുന്നതെന്ന് അശുതോഷ് റാങ്ക മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിലെ തുടർനടപടികളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും പിന്നീട് വിശദീകരിക്കുമെന്നും, തൽക്കാലം എല്ലാ പ്രതിഷേധക്കാരും സമരം അവസാനിപ്പിച്ച് സമാധാനപരമായി മടങ്ങണമെന്നും അശുതോഷ് റാങ്ക അഭ്യർഥിച്ചു.
ജന്തർ മന്തറിലും സൻസദ് മാർഗിലും 35 ദിവസത്തിലേറെയായി തുടരുന്ന സമരമാണ് സിജെപി നയിച്ചത്. കഴിഞ്ഞ ജൂലൈ 20ന് നടന്ന 'സംസദ് ചലോ' മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് വലിയ രീതിയിൽ ലാത്തിച്ചാർജ് നടത്തിയിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിട്ടും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതും പ്രസ്ഥാനത്തിന് കരുത്തായി. 18-ഓളം ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ജന്തർ മന്തർ വേലി കെട്ടി തിരിച്ചും സുരക്ഷാ സേന സമരത്തെ അടിച്ചമർത്താൻ നോക്കിയെങ്കിലും വിദ്യാർഥി വീര്യം കുറഞ്ഞില്ല.
പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം ഒന്നടങ്കം ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഒരു ക്രിമിനൽ ആണെന്നും അദ്ദേഹത്തെ പുറത്താക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. പാർലമെൻ്റിലും തെരുവിലും ഒരേസമയം പ്രതിരോധത്തിലായതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്ട്ടുകള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR