ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു
Pathanamthitta , 25 ജൂലൈ (H.S.) ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡ്
KANTARARU BRAHMADATHAN


Pathanamthitta , 25 ജൂലൈ (H.S.)

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, അംഗങ്ങളായ അഡ്വ കെ രാജു, അഡ്വ പി ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗ സമിതിയെ ബോർഡ് നിയോഗിച്ചിരുന്നു. കണ്ഠര് രാജീവരുടെ മകനായ ബ്രഹ്മദത്തന് താന്ത്രികമികവ് ഉണ്ടോയെന്ന് പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്.

നിലവിലെ തന്ത്രിയായ കണ്ഠര് രാജീവര് സ്ഥാനമൊഴിയുകയും തനിക്കു പകരം മകനെ തന്ത്രിയാക്കാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ബോർഡിൻ്റെ പുതിയ നടപടി. ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സമിതിയെ നിയോഗിച്ച് ഹൈക്കോടതിയെ വിവരം അറിയിക്കാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. അടുത്ത 27ന് ഹൈക്കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ ബോർഡ് തീരുമാനം അറിയിക്കുമെന്ന് ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചിരുന്നു.2018 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്ന ചാർത്തിൽ നിർദേശിച്ച പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളും നടത്താനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരുന്നു. വാസ്തുശാസ്ത്രപ്രകാരം ശബരിമലയിലെ തീർഥക്കുളത്തിൻ്റെ ദിശ തെറ്റാണെന്ന് മുൻ ദേവപ്രശ്നത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ചാർത്ത് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ, അതിൽ വ്യക്തമാക്കിയിട്ടുള്ള നാൽപ്പതോളം പ്രായശ്ചിത്ത പൂജകളും പരിഹാരക്രിയകളും പൂർണമായി നടത്താനാണ് തീരുമാനം.പരിഹാരക്രിയകൾ നടപ്പിലാക്കുന്നതിനായുള്ള ചുമതല ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാറിന് കൈമാറുകയും ഇതിനായി അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനരര്, പ്രശസ്ത ജ്യോത്സ്യൻ കളിദാസ ഭട്ടതിരി എന്നിവരുമായി ചർച്ച ചെയ്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ടുള്ള കണ്ഠര് രാജീവരുടെ ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ നിലപാട് കൈക്കൊണ്ടിരുന്നു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തൻ്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയത്.

കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡൻ്റ് ഈ വിഷയം അജണ്ടയായി അവതരിപ്പിരുന്നു. നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് അദ്ദേഹം തൻ്റെ മകനെ തന്ത്രിയാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News