Enter your Email Address to subscribe to our newsletters

Kozhikode , 25 ജൂലൈ (H.S.)
പിറന്നുവീണ് ദിവസങ്ങൾ മാത്രം പ്രായമുള്ള സ്വന്തം ചോരയെ മറ്റൊരാളുടെ കൈകളിൽ ഏൽപിച്ച് കടന്നുകളഞ്ഞ അമ്മയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിച്ച പതിനാറുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചുപോയത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശുപത്രി രേഖകളിൽ വയനാട് സ്വദേശിനി എന്നാണ് ഇവർ മേൽവിലാസം നൽകിയിരുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറിൽ കഴിഞ്ഞദിവസം പൊലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഇവർ പത്തനംതിട്ട സ്വദേശിനിയാണെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇവർ ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണെന്ന വിവരവും പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് അന്വേഷണസംഘം.
കുഞ്ഞിനെ ഏൽപിച്ചത് കൂട്ടിരിപ്പുകാരിയെ
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ മറ്റൊരു സ്ത്രീ കുഞ്ഞുമായി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് നാടകീയമായ സംഭവങ്ങൾ പുറംലോകം അറിയുന്നത്. തൻ്റെ പിതാവിന് കടുത്ത അസുഖമാണെന്നും അടിയന്തരമായി നാട്ടിൽ പോകണമെന്നും വിശ്വസിപ്പിച്ചാണ് ഇവർ കുഞ്ഞിനെ ഈ സ്ത്രീയെ ഏൽപിച്ചത്. കുറച്ചുസമയം കുഞ്ഞിനെ നോക്കണമെന്ന് ആവശ്യപ്പെട്ട് പോയ യുവതി പിന്നീട് തിരിച്ചുവന്നില്ല. ഏറെനേരം കാത്തിരുന്നിട്ടും കാണാതായതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിൻ്റെ അമ്മയെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി.
പ്രസവസമയത്ത് യുവതിക്ക് സഹായത്തിനായി ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി നിന്നിരുന്നത് കുഞ്ഞുമായി സ്റ്റേഷനിൽ എത്തിയ ഇതേ സ്ത്രീയായിരുന്നു. കഴിഞ്ഞ എട്ടിനാണ് പ്രസവത്തിനായി പത്തനംതിട്ട സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് 12ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി മടങ്ങി. ഇതിനുശേഷമാണ് കൂടെനിന്ന സ്ത്രീയോട് നുണപറഞ്ഞ് കുഞ്ഞിനെ ഏൽപിച്ച് ഇവർ കടന്നുകളഞ്ഞത്.
പൊലീസ് സ്റ്റേഷനിൽ ലഭിച്ച കുഞ്ഞിനെ വനിതാ പൊലീസിൻ്റെ പ്രത്യേക സുരക്ഷയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുഞ്ഞിൻ്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് രാത്രിയോടെ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്നിൽ ഹാജരാക്കിയ കുഞ്ഞിനെ, അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കോഴിക്കോട് സെൻ്റ് വിൻസെൻ്റ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി എവിടേക്കാണ് പോയതെന്ന് കണ്ടെത്താനായി ആശുപത്രി പരിസരത്തെയും നഗരത്തിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനുപുറമെ സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഒളിവിൽപോയ യുവതിയെ ഉടൻതന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR