Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ജൂലൈ (H.S.)
ആലപ്പുഴ രക്ഷാപ്രവര്ത്തനത്തിലെ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് രക്ഷപ്പെടാന് ഉന്നതതല ഇടപെടല് നടത്തിയെന്ന ആരോപണത്തില് തൊപ്പി തെറിച്ച എഡിജിപി എംആര് അജിത് കുമാറിൻ്റെ അടുത്ത നീക്കമെന്തെന്നതില് ആകാംക്ഷ. ചീഫ് സെക്രട്ടറി സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില് അജിത് കുമാര് കൊച്ചി ആസ്ഥാനമായ സെന്ട്രല് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കാന് ഹര്ജി ഉടന് നല്കും.
ഇക്കാര്യത്തില് അനുകൂല തീരുമാനമുണ്ടായാല് അജിത് കുമാറിന് എഡിജിപി സ്ഥാനത്തേക്ക് മടങ്ങിയെത്താം. സസ്പെന്ഷന് ഉത്തരവ് പ്രാബല്യത്തിലായ സാഹചര്യത്തില് അജിത് കുമാറിന് ആഭ്യന്തര വകുപ്പ് ചാര്ജ് മെമ്മോ നല്കും. ഇതിലായിരിക്കും അദ്ദേഹത്തിന് മേലുള്ള എസ്ഐടി കണ്ടെത്തലുകള് ആരോപിക്കുക. ഇതിന് അദ്ദേഹത്തിന് വിശദീകരണം നല്കാം. മാത്രമല്ല, നിലവില് അദ്ദേഹത്തിന് മേല് ഉയര്ന്ന ആരോപണങ്ങളെക്കുറിച്ച് വകുപ്പു തല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കും.
ഇതിനായി ഏതെങ്കിലും സീനിയര് ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചേക്കും. ഈ അന്വേഷണ റിപ്പോര്ട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക. വകുപ്പുതല നടപടി മിക്കവാറും താക്കീതിലോ ശാസനയിലോ ഒതുക്കാനായിരിക്കും സാധ്യതയെന്ന് മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പറഞ്ഞു. രക്ഷാ പ്രവര്ത്തന കേസില് പ്രതികളെ രക്ഷിക്കാന് അജിത് കുമാര് വാക്കാല് ഇടപെട്ടു എന്നാണ് എസ്ഐടി കണ്ടെത്തലെന്ന് സസ്പെന്ഷന് ഉത്തരവില് വ്യക്തമാക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരില് നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി ഇത്തരത്തില് ഒരു കണ്ടെത്തല് നടത്തിയതെന്നും ഉത്തരവില് വ്യക്തമാക്കുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവിയെ വിളിച്ചും കേസ് സംബന്ധിച്ച് റഫര് ചെയ്ത് കോടതിക്ക് അയക്കണമെന്ന് നിര്ദ്ദേശിച്ചതായും ഈ കേസിൻ്റെ അന്വേഷണം അവസാനിച്ചെന്നാണ് താന് കരുതുന്നതെന്ന് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത് കുമാര് നിര്ദേശിച്ചെന്നും ഇതിന് എസ്ഐടിക്ക് തെളിവുണ്ടെന്നും സസ്പെന്ഷന് ഉത്തരവ് പറയുന്നു.
എന്നാല് ഉദ്യോഗസ്ഥര് ഇത്തരത്തില് മൊഴി നല്കിയെന്നത് ഭരണം മാറിയത് മൂലമുള്ള രാഷ്ട്രീയ സമ്മര്ദ്ദത്തിൻ്റെ ഭാഗമാണെന്ന് വാദിക്കാം എന്ന പിടിവള്ളിയാണ് ഇപ്പോള് അജിത് കുമാറിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില് അജിത് കുമാറിന് അനുകൂലമായ വിധി അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില് നിന്ന് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് നിയമ വിദഗ്ധര് പറയുന്നു.
അതിനിടെ ജൂലൈ 31ന് ഫയര് ഫോഴ്സ് മേധാവി നിതിന് അഗര്വാള് വിരമിക്കുന്ന ഒഴിവില് അജിത് കുമാര് ഡിജിപിയാകേണ്ടതാണെങ്കിലും സസ്പെന്ഷനിലായ സാഹചര്യത്തില് അദ്ദേഹത്തെ പരിഗണിക്കാനാകില്ല. അങ്ങനെയെങ്കില് തൊട്ടടുത്തുള്ള എഡിജിപിയും ജയില് മേധാവിയുമായ എസ് ശ്രീജിത് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കുമെന്നൊരു ചര്ച്ച വ്യാപകമാണെങ്കിലും അതിന് സാധ്യത കുറവാണ്.
അജിത് കുമാറിന് അവകാശപ്പെട്ട ഡിജിപി സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനെ പരിഗണിക്കുന്നത് ഉചിതമല്ലെന്ന ഉപദേശം ആഭ്യന്തര വകുപ്പിനും സര്ക്കാരിനും ലഭിച്ചിട്ടുണ്ട്. മികച്ച സര്വീസ് റെക്കോഡോടെ ഡിജിപിയായി വിരമിച്ച എ ഹേമചന്ദ്രന് സംസ്ഥാന പൊലീസിൻ്റെ മുഖ്യ ഉപദേശകനായി തുടരുന്ന സാഹചര്യത്തില് അജിത് കുമാറിനെ തഴഞ്ഞ് ഡിജിപി സ്ഥാനം ശ്രീജിത്തിന് നല്കുന്നതിനെ അദ്ദേഹം അനുകൂലിക്കാന് സാധ്യതയില്ല. മാത്രമല്ല, കോടതിയില് നിന്ന് അജിത് കുമാര് അനുകൂല ഉത്തരവ് നേടിയാല് അദ്ദേഹത്തിന് ഡിജിപി സ്ഥാന കയറ്റം നല്കേണ്ടിയും വരും. അങ്ങനെയല്ലെങ്കില് അത് വീണ്ടും നിയമ കുരുക്കിലേക്ക് വീഴും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR