Enter your Email Address to subscribe to our newsletters

Ernakulam , 25 ജൂലൈ (H.S.)
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ശോചനീയമായ സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ആശുപത്രിയിലെ രോഗികൾ ചികിത്സാകേന്ദ്രത്തിലല്ല, മറിച്ച് ജയിലിലാണെന്ന തോന്നലോടെയാണ് കഴിയുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആശുപത്രി നേരിട്ട് സന്ദർശിച്ച ശേഷമാണ് ഈ പരാമർശം നടത്തിയത്.
ആശുപത്രി സന്ദർശനത്തിനിടെ രോഗികളെ ജയിലിലെ സെല്ലുകളെ അനുസ്മരിപ്പിക്കുന്ന മുറികളിൽ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യം നേരിൽ കണ്ടതായി കോടതി വ്യക്തമാക്കി. പുറത്തേക്ക് വിടണമെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന രോഗികളുടെ ദയനീയാവസ്ഥ അതീവ വേദനാജനകമായിരുന്നു. മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ രോഗികളുടെ മാനവിക അവകാശങ്ങൾ ഉറപ്പാക്കപ്പെടേണ്ടതുണ്ട്. എന്നാൽ നിലവിലെ സാഹചര്യം ഇതിന് തികച്ചും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം ഇത്തരം കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ബാധകമാണെന്ന് ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. രോഗികളോട് മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.
ഒഴിവുകൾ നികത്തണം
ആശുപത്രിയിലെ വിവിധ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള 158 അറ്റൻഡർ തസ്തികകളിൽ നിലവിൽ 127 പേർ മാത്രമാണ് സേവനത്തിലുള്ളത്. പാചകക്കാരുടെ 13 തസ്തികകളും അലക്കുകാരുടെ തസ്തികയും നേരത്തെ നിർത്തലാക്കിയിരുന്നു. അതിനാൽ ഈ ജോലികൾ കൂടി നിലവിലെ അറ്റൻഡർമാർ തന്നെ നിർവഹിക്കേണ്ട ഗതികേടിലാണുള്ളത്. ഇത് ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരും ആശുപത്രിയിലില്ല. കുറഞ്ഞത് 40 മുതൽ 50 വരെ സുരക്ഷാ ജീവനക്കാരുടെ അധിക നിയമനം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. എല്ലാ ഒഴിവുകളും എത്രയും വേഗം നികത്താൻ സർക്കാരിന് കർശന നിർദേശം നൽകി.
പുനരധിവാസത്തിന് പദ്ധതി വേണം
നിലവിൽ ആശുപത്രിയിൽ 437 രോഗികളാണ് കഴിയുന്നത്. ഇവരിൽ 55 പേർ പൂർണമായും രോഗമുക്തി നേടിയിട്ടുണ്ട്. എന്നാൽ കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ പിന്തുണ ലഭിക്കാത്തതിനാൽ ഇവർ ആശുപത്രിയിൽ തന്നെ തുടരുകയാണ്. സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത ഇത്തരം മനുഷ്യരുടെ പുനരധിവാസത്തിനായി വ്യക്തമായ പദ്ധതി തയ്യാറാക്കണം.
ഇവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് ബാധ്യതയുണ്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മാനസികാരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും രോഗികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനുമായി സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതിൻ്റെ ആവശ്യകതയും കോടതി വ്യക്തമാക്കി. കേസിൻ്റെ തുടർപരിഗണന ഓഗസ്റ്റ് നാലിന് നടക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR