വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Thiruvananthapuram , 25 ജൂലൈ (H.S.) വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്
Pinarayi Vijayan


Thiruvananthapuram , 25 ജൂലൈ (H.S.)

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഒരു മുഖ്യമന്ത്രിയിൽനിന്ന് നാട് പ്രതീക്ഷിക്കുന്നത് ആധികാരികവും വസ്തുനിഷ്ഠവുമായ വാക്കുകളാണെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ, കഴിഞ്ഞ വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ അവതരിപ്പിച്ചത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ്. അറിയാതെ സംഭവിച്ച പിഴവല്ലിത്. ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ താൻ വർഗീയത പറയുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നഗ്നമായ കീഴടങ്ങൽവഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താനുള്ള നീക്കം ബി.ജെ.പിയുടേതാണ്. ബി.ജെ.പി കൊണ്ടുവന്ന ഈ നിയമഭേദഗതി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ യു.ഡി.എഫ് സർക്കാർ മാറ്റി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇത് പൂർണമായും സംഘപരിവാർ സേവയാണെന്നും ബി.ജെ.പിക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരു കോൺഗ്രസ് മുഖ്യമന്ത്രിയാണ് ബി.ജെ.പിക്ക് അനുകൂലമായ ഈ നിലപാട് കൈക്കൊള്ളുന്നത്. മതനിരപേക്ഷ കാഴ്ചപ്പാടിൻ്റെ ഭാഗമായി രാജ്യത്താകെ ഈ നിയമത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. നിയമസഭ ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതിയെന്ന ആശങ്ക നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അനുകൂലമായി കോടതിയിൽ നിലപാടെടുത്തത്.

എൽ.ഡി.എഫ് നിലപാടിൽ മാറ്റമില്ല2026 ഫെബ്രുവരിയിൽ വഖഫ് ബോർഡ് പുനഃസംഘടന വിഷയം ഉയർന്നുവന്നപ്പോൾ അമുസ്ലിംകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നടപടിയല്ല മുൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. പകരം രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് ചെയ്തത്. നിയമഭേദഗതിക്കെതിരെ ശക്തമായ നിയമപോരാട്ടമാണ് മുൻ സർക്കാർ നടത്തിയത്. എന്നാൽ, ഈ വസ്തുതകൾക്കെതിരെ കണ്ണടയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇപ്പോൾ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരിൻ്റെ ഈ മലക്കംമറിച്ചിൽ. വഖഫ് സ്വത്തുക്കളുടെ മേലുള്ള അധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കേണ്ടതിന് പകരം അതിന് കുടപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. വഖഫ് വിഷയത്തിൽ മുൻപ് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News