സിഎംആർഎൽ സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിർണായക കണ്ടെത്തൽ
Ernakulam , 25 ജൂലൈ (H.S.) സിഎംആർഎൽ സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നിർണായക കണ്ടെത്തൽ. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൻ്റെ ഭാഗമായി
Veena Vijayan


Ernakulam , 25 ജൂലൈ (H.S.)

സിഎംആർഎൽ സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നിർണായക കണ്ടെത്തൽ. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൻ്റെ ഭാഗമായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി നൽകിയ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.

യാതൊരു ഐടി സേവനങ്ങളും നൽകാതെയാണ് വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് സിഎംആർഎൽ വൻതുക കൈമാറിയതെന്ന് മുൻ എംഡി ശശിധരൻ കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധം മാത്രം പരിഗണിച്ചാണ് ഈ തുക നൽകിയതെന്ന് സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും ഏറെ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം 2024ൽ രേഖപ്പെടുത്തിയ ചോദ്യം ചെയ്യലിലാണ് ശശിധരൻ കർത്ത ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

വ്യാജ സേവനങ്ങളും പണമിടപാടും

ഐടി കൺസൾട്ടൻസിയുടെയും സോഫ്റ്റ്വെയർ സേവനങ്ങളുടെയും പേരിലാണ് 2.78 കോടി രൂപ വീണ വിജയനും ബെംഗളൂരു ആസ്ഥാനമായുള്ള എക്സാലോജിക് സൊല്യൂഷൻസിനും സിഎംആർഎൽ നൽകിയത്. എന്നാൽ നിലവിലില്ലാത്ത ഇആർപി സേവനങ്ങളുടെ പേരിൽ തയ്യാറാക്കിയ വ്യാജ പേയ്മെൻ്റുകളായിരുന്നു ഇവയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സിഎംആർഎല്ലിനായി എന്തെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്തതായി തെളിയിക്കാൻ വീണ വിജയന് കഴിഞ്ഞിട്ടില്ല.

തങ്ങൾ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ഇഡി ചോദ്യം ചെയ്യലിൽ വീണയും സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ്സ് (ഇഐസിപിഎൽ) എന്ന എൻബിഎഫ്സി കമ്പനി വഴി 50 ലക്ഷം രൂപ എക്സാലോജിക്സിന് വായ്പയായി നൽകിയിരുന്നു. എന്നാൽ വാണിജ്യ വ്യവസ്ഥകൾ പ്രകാരം ഈ വായ്പ തിരിച്ചടയ്ക്കുന്നതിൽ എക്സാലോജിക് പൂർണമായും പരാജയപ്പെട്ടു. തുടർന്ന് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച അവിഹിത തുക വകമാറ്റിയാണ് എക്സാലോജിക് മറ്റ് ബാങ്ക് ഇടപാടുകൾ നടത്തിയതെന്നും ഇഡി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സിഎംആർഎല്ലിലെ സാമ്പത്തിക തിരിമറിസിഎംആർഎല്ലിൽ നടന്നത് വൻതോതിലുള്ള ആസൂത്രിത സാമ്പത്തിക തിരിമറിയാണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ സ്ഥാപകനും മുൻ മാനേജിങ് ഡയറക്ടറുമായ എസ് എൻ ശശിധരൻ കർത്ത കഴിഞ്ഞ 15 വർഷത്തിനിടയിൽ 182 കോടി രൂപയുടെ പണ അപഹരണമാണ് നടത്തിയത്. യഥാർഥ സേവനങ്ങളോ ഇൻവോയ്സുകളോ ഇല്ലാതെ സ്ലഡ്ജ് കൈകാര്യം ചെയ്യലും ഗതാഗത ചെലവുകളും എന്ന വ്യാജേന മാത്രം 139 കോടി രൂപ വകമാറ്റി. കൂടാതെ പരിചയക്കാരായ വെണ്ടർമാർ വഴി കൃത്രിമമായി ബില്ലുകൾ തയ്യാറാക്കി 43 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. വെണ്ടർമാർക്ക് ബാങ്ക് വഴി പണം കൈമാറിയ ശേഷം നിശ്ചിത കമ്മിഷൻ കിഴിച്ച് ബാക്കി തുക ശശിധരൻ കർത്തയും കൂട്ടാളികളും പണമായി തിരികെ വാങ്ങുന്ന സർക്കുലർ പേയ്മെൻ്റ് രീതിയാണ് ഇതിനായി ഉപയോഗിച്ചത്.

എക്സാലോജിക് ഇടപാടിൽ സേവനം നൽകിയിട്ടില്ലെന്ന ശശിധരൻ കർത്തയുടെ മൊഴിയും ഇഡിയുടെ റിപ്പോർട്ടും നിലവിൽ കേസിൽ ആരോപണ വിധേയരായ വീണ വിജയനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സിഎംആർഎല്ലും വീണ വിജയൻ്റെ ഐടി കമ്പനിയും തമ്മിലുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

നിലവിലെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയം മുൻപ് നിയമസഭയിൽ ശക്തമായി ഉന്നയിച്ചിരുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ഇഡിയും കേസിൽ പിടിമുറുക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ കടക്കുമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News